പെട്ടന്ന് ടോള്‍ അടച്ചു, വാഹനത്തിന്റെ ചില്ല് തകര്‍ന്നു..! എഐവൈഎഫ് പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് നിര്‍ത്തിവെപ്പിച്ചു

തൃശൂര്‍: തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ ദിവസം എഐവൈഎഫ് പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കടന്ന് പോകവെ പെട്ടെന്ന് ടോള്‍ അടച്ചതിനെ തുടര്‍ന്ന് വാഹനത്തിന്റെ ചില്ല് തകര്‍ന്നു. ഇതോടെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്നിറങ്ങി ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു. സംസ്ഥാന ജാഥയുടെ സമാപന സമ്മേളനം കഴിഞ്ഞു മടങ്ങിയ സംഘമാണ് ടോള്‍ പ്ലാസയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ ടോള്‍ നല്‍കാതെ കടന്ന് പോയി. ടോള്‍ പ്ലാസയിലെ പോലീസും കമ്പനി അധികൃതരും ചേര്‍ന്ന് പ്രവര്‍ത്തകരുമായി ചര്‍ച്ച തുടരുന്നതിനിടെ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ വൈക്കം എംഎല്‍എ ആശ ടോളിലെത്തി. ടോള്‍ പ്ലാസ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും നടത്തിയ ചര്‍ച്ചയില്‍ ചില്ല് പൊട്ടിയ വാഹനത്തിന് 10,000 രൂപ നല്‍കാം എന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഇതോടെ പ്രവര്‍ത്തകരും പിരിഞ്ഞു പോയി.

എന്നാല്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ജീവനക്കാരുടെ അനാസ്ഥ ഇത് ആദ്യത്തെ സംഭവമല്ല, ജോലിക്കാരുടെ ധാര്‍ഷ്ട്യത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ കലക്ടര്‍ അനുപമ കടന്നു പോകവേ വാഹനത്തിരക്കുണ്ടായിട്ടും വാഹനങ്ങളെ കടത്തിവിടാതിരുന്ന ടോള്‍ പ്ലാസ അധികൃതരെ ശാസിച്ചിരുന്നു. അതിന് മുമ്പ് പിസി ജോര്‍ജ് എംഎല്‍എയും പരാതിയുമായി എത്തിയിരുന്നു.

Exit mobile version