സഹോദരൻ രക്ഷകനായി; മാവേലിക്കരയിൽ നാലര വയസുകാരിയെ വീട്ടുമുറ്റത്ത് വെച്ച് കടത്തി കൊണ്ടുപോകാൻ ശ്രമം; യുപി സ്വദേശി പിടിയിൽ

മാവേലിക്കര: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു നാലരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഉത്തർപ്രദേശ് സ്വദേശിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. കല്ലിമേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാ ഫെബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മനീത് സിങ് (30) ആണ് നാട്ടുകാരുടെ പിടിയിലായത്. ഇയാളെ നാട്ടുകാർ തന്നെ പോലീസിൽ ഏൽപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇവായും സഹോദരൻ ഡെനിൽ ഫെബിനും വീട്ടുമുറ്റത്തു പൂക്കളുമായി കളിക്കുകയായിരുന്നു. ഇടയ്ക്ക് ഡെനിൽ പൂക്കൾ എടുക്കാനായി സൈക്കിളിൽ സമീപത്തെ വീട്ടിലേക്കുപോവുകയായിരുന്നു. ഈ സമയത്താണ് തറയോട് വൃത്തിയാക്കുന്നതിനുള്ള ലായനി വിൽക്കുന്നതിനായി പ്രതി മനീത് സിങ് എത്തിയത്.

ഇയാൾ ഒറ്റയ്ക്ക് കളിക്കുകയായിരുന്ന ഇവായെ പരിസരത്ത് ആരുമില്ലെന്നുകണ്ടതോടെ
കഴുത്തിൽ കുത്തിപ്പിടിച്ചു പൊക്കിയെടുക്കുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന ഇരുചക്രവാഹനത്തിൽ ഇരുത്തുന്നതിനിടെയാണ് പൂക്കളുമായി ഡെനിൽ മടങ്ങി വന്നത്. കുട്ടിയെ മനീത് സിങ് എടുക്കുന്നതുകണ്ട് ഡെനിൽ നിലവിളിച്ചു. ഇതോടെ മനീത് കുട്ടിയെ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു.

ALSO READ- കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളി പ്രചാരണത്തിന്; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് എതിരെ അറസ്റ്റ് വാറണ്ട്

ബഹളം കേട്ടെത്തിയ സമീപവാസികൾ നടത്തിയ തിരച്ചിലിൽ മനീത് സിങ്ങിനെ കല്ലിമേലിൽ നിന്നുതന്നെ കണ്ടെത്തി. പിടിയിലായ ആളെ വീട്ടിലെത്തിച്ചു കുട്ടികളെ കാണിച്ചു പ്രതിതന്നെയാണെന്ന് ഉറപ്പാക്കിയശേഷമാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് മാവേലിക്കര പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

Exit mobile version