കോടതിയിൽ ഹാജരാകാതെ പുതുപ്പള്ളി പ്രചാരണത്തിന്; യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് എതിരെ അറസ്റ്റ് വാറണ്ട്

തൊടുപുഴ: ഇടുക്കി ഗവ. എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്കെതിരെ അറസ്റ്റ് വാറണ്ട്. തുടർച്ചയായി കോടതിയിൽ ഹാജരാകാഞ്ഞതിനെത്തുടർന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

കുറ്റപത്രം വായിച്ചപ്പോഴും കോടതിയിൽ ഹാജരാവാതിരുന്ന നിഖിൽ വാറണ്ട് നിലനിൽക്കെ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനെത്തിയത് വലിയ വിവാദമായിരുന്നു. പുതുപ്പള്ളിയിൽ പ്രചാരണത്തിന് കോൺഗ്രസ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

നിഖിൽ പൈലിയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണെന്നും ഇക്കാര്യത്തിൽ ചാണ്ടി ഉമ്മൻ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി.

ALSO READ- കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം, ബ്ഹറൈനില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കോൺഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ്, സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖിൽ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയിൽ പ്രചാരണം നടത്തുന്നതിൽ എന്ത് ധാർമ്മികതയാണ് കോൺഗ്രസ് മുന്നോട്ട് വെക്കുന്നതെന്നും ഡിവൈഎഫ്‌ഐ ചോദ്യം ചെയ്തിരുന്നു.

Exit mobile version