മാന്നാറില്‍ പോലീസ് ജീപ്പ് ആക്രമിച്ച സംഭവം: നാലു സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാന്നാര്‍: പോലീസ് ജീപ്പിനു നേരെ ആക്രമണം അഴിച്ചുവിട്ട നാലു സംഘപരിവാര്‍ പ്രവര്‍ത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കുരട്ടിക്കാട് നന്ദനത്തില്‍ രമേശന്‍ (38), സരോവരത്തില്‍ രാഹുല്‍ (28), കുരട്ടിശ്ശേരി തെക്കും തളിയില്‍ വിഷ്ണുപ്രസാദ് (24), ബുധനൂര്‍ എണ്ണക്കാട് ലക്ഷം വീട് കോളനിയില്‍ മണിക്കുട്ടന്‍ (33), എന്നിവരെയാണ് മാന്നാര്‍ പോലീസ് പിടികൂടിയത്. കേസിലെ യഥാക്രമം 8 മുതല്‍ 11 വരെയുള്ള പ്രതികളാണിവര്‍.

നവംബര്‍ 19ന് പുലര്‍ച്ചെയാണ് ശബരിമലയില്‍ രാത്രിയില്‍ ഹരിവരാസനത്തിന് ശേഷം അയ്യപ്പ സ്തുതിഗീതങ്ങള്‍ പാടിയവര്‍ക്കു നേരെ പോലീസ് നടപടിയെടുത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ പോലീസ് സ്റ്റേഷനുകളിലേക്ക് നാമജപ ഘോഷയാത്ര നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി മേജര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനട സ്ഥിതി ചെയ്യുന്ന വൈദ്യുതി ഓഫീസ് ഭാഗത്ത് വെച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. പിന്നീട് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതിനു ശേഷം ട്രാഫിക് പൊലീസിന്റെ ടാറ്റാ സുമോവാനിന്റെ മുന്‍വശത്തെ ഗ്ലാസ് അടിച്ച് തകര്‍ക്കപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ സംഘപരിവാര്‍ നേതാക്കളായ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. 30ലധികം പേര്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Exit mobile version