‘കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ മനസിലാകൂ’; കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവിന് സസ്‌പെൻഷൻ; ഗൂഢാലോചനയെന്ന് കെഎസ് യു

'കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ മനസിലാകൂ'; കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവടക്കം ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ കാഴ്ചയ്ക്ക് പരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന തരത്തിൽ വിദ്യാർത്ഥികൾ പെരുമാറിയ സംഭവത്തിൽ രോഷം ഉയരുന്നു. വിദ്യാർത്ഥികൾ അധ്യാപകനെ അപമാനിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.

ഇതിനിടെ ക്ലാസ് മുറിയിൽ അധ്യാപകനെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയതിന് ആറ് വിദ്യാർത്ഥികളെ കോളേജ് സസ്‌പെൻഡ് ചെയ്തു. കെഎസ്‌യു യൂണിറ്റ് വൈസ്. പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കമുള്ള വിദ്യാർത്ഥികൾക്ക് എതിരെയാണ് നടപടി.

സംഭവത്തിൽ ഫാസിലിനെ കൂടാതെ നന്ദന സാഗർ, രാഗേഷ്, പ്രിയദ, ആദിത്യ, ഫാത്തിമ നഫ്ലം എന്നീ വിദ്യാർഥികളാണ് നടപടി നേരിട്ടിരിക്കുന്നത്. അപമാനിക്കപ്പെട്ട അധ്യാപകൻ, പൊളിറ്റിക്കൽ സയൻസ് വിഭാഗം എച്ച്ഒഡി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയേയും കോളേജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്.

അതേസമയം, മഹാരാജാസ് കോളജിൽ അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ അധ്യാപകനൊപ്പമെന്ന് കെഎസ്യു പ്രതികരിച്ചു. മുഹമ്മദ് ഫാസിലിന് സംഭവവുമായി ബന്ധമില്ല. ഗൂഢാലോചനയിൽ മാധ്യമങ്ങളും കൂട്ട് നിന്നുവെന്നും കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.

മഹാരാജാസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ അധ്യാപകൻ ഡോ.പ്രിയേഷിനാണ് ഈ അപമാനം നേരിട്ടത്. ‘തനിക്ക് നേരിട്ട അനുഭവം നിർഭാഗ്യകരമാണ്. കുട്ടികളുടെ ഭാഗത്ത് നിന്ന് അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ല. അവര് ഷൂട്ട് ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതും ഞാൻ അറിഞ്ഞിരുന്നില്ല.’- എന്നാണ് പ്രിയേഷ് പ്രതികരിക്കുന്നത്.

also read- ‘ചില ചിരികൾ അങ്ങനെയാണ്, കണ്ടുനിൽക്കുന്നവരുടെ ഉള്ള് നിറയും’; മണിപ്പൂരിൽ ഒറ്റപ്പെട്ടുപോയ ജീവനക്കാരിയുടെ കുടുംബത്തിന് തണലായി ഷെഫ് പിള്ള; വൈറൽ കുറിപ്പ്

‘ഒരു അധ്യാപകൻ എന്ന നിലയ്ക്ക് എനിക്ക് കൂടി സാമൂഹിക ഉത്തരവാദിത്തമുണ്ട്. അതിലുൾപ്പെട്ട കുട്ടികളെ തെറ്റ് മനസ്സിലാക്കി തിരിച്ചു കൊണ്ടുവരണം. കാഴ്ചയില്ലാത്തതിന്റെ ബുദ്ധിമുട്ട് അത് അനുഭവിച്ചവർക്കേ മനസ്സിലാകുകയുള്ളൂ. അത്തരമൊരു ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവർക്കേ അത് മനസ്സിലാകുകയുള്ളൂ. ഒരു മണിക്കൂർ കുട്ടികളെ പഠിപ്പിക്കുന്നതിനായി രണ്ട് മണിക്കൂർ കമ്പ്യൂട്ടറിൽ വായിച്ച് കേട്ട് തയ്യാറെടുക്കണം. അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് വിഷമം ഉണ്ടാക്കും’- പ്രിയേഷ് പറഞ്ഞു.

പ്രയേഷ് ക്ലാസെടുക്കുമ്പോൾ വിദ്യാർഥികൾ മൊബൈലിൽ കളിക്കുകയും ക്ലാസിൽ അലക്ഷ്യമായി നടക്കുകയും അദ്ദേഹത്തെ പിന്നിൽ ചെന്ന് നിന്ന് പരിഹസിക്കുകയും ചെയ്യുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിലൂടെ പുറത്ത് വന്നത്

അതേസമയം ഈ സംഭവത്തിൽ ഉൾപ്പെട്ടതിൽ വിഷമം ഉണ്ടെന്ന് വിദ്യാർത്ഥികൾ വന്ന് പറഞ്ഞിരുന്നെന്നും അവരോട് ക്ഷമിക്കാൻ തയ്യാറാണെന്നും ഡോ. പ്രിയേഷ് പറഞ്ഞു. തങ്ങൾ ചെയ്തത് തെറ്റാണെന്ന് അവർ മനസ്സിലാക്കിയാൽ മതി. കാഴ്ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുതെന്നും പ്രിയേഷ് കൂട്ടിച്ചേർത്തു.

Exit mobile version