ജോലി വാഗ്ദാനം ചെയ്ത് തമിഴ്‌നാട്ടിലെത്തിച്ച് യുവതിയെ വിവാഹം കഴിപ്പിച്ചു; പരാതിയുമായി ഭർത്താവ്; നാല് പേർ പിടിയിൽ

വടക്കഞ്ചേരി: തമിഴ്‌നാട്ടിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയ യുവതിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട്ടിലെത്തിച്ച യുവതിയെ ഇടനിലക്കാർ വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു എന്നാണ് ഇവരുടെ ഭർത്താവ് നൽകിയ പരാതി.

കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി മൊഹമ്മൂദ (49), പുതുക്കോട് മണപ്പാടം സ്വദേശി മണി (60), അഞ്ചുമൂർത്തിമംഗലം ഗോപാലൻ (47), അണക്കപ്പാറ സ്വദേശിയായ മുഹമ്മദ് കുട്ടി (64) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിക്ക് പ്രതിമാസം 40,000 രൂപ ശമ്പളം വാഗ്ദാനംചെയ്താണ് വടക്കഞ്ചേരി സ്വദേശിനിയായ യുവതിയെ ജൂലായ് ഏഴിന് തമിഴ്‌നാട്ടിലേക്ക് ഇവർ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് യുവതിയെ കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ഭാര്യയെ കാണാനില്ലെന്നുകാണിച്ച് ഭർത്താവ് ജൂലായ് 28-നാണ് വടക്കഞ്ചേരി പോലീസിൽ പരാതിനൽകിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ സേലത്തുനിന്ന് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെത്തിച്ച തന്നെ സേലത്തുള്ള ഒരാളുമായി മധുക്കരയിൽവെച്ച് നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചുവെന്നും 90,000 രൂപ നാലുപേരും കൈപ്പറ്റിയിട്ടുണ്ടെന്നും ജോലി വാഗ്ദാനംചെയ്ത് ചതിക്കുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴിനൽകി.

ALSO READ- നീണ്ടകാലത്തെ പ്രണയം സഫലമാകുന്നു; എൻഎസ്‌യു നേതാവ് കെഎം അഭിജിത്ത് വിവാഹിതനാകുന്നു; വധു നജ്മി

ഇതോടെയാണ് യുവതികളെ പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടിയതെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. അന്വേഷണത്തിന് വടക്കഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ കെപി ബെന്നി, എസ്‌ഐ ജീഷ്മോൻ വർഗീസ്, എഎസ്‌ഐമാരായ ദേവദാസ്, സന്തോഷ്, അബ്ദുൾ നാസർ, സൗമിനി തുടങ്ങിയവർ നേതൃത്വംനൽകി.

Exit mobile version