പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ സൗഹൃദം; ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദം, അല്ലേടാ..! വിഷാദം നിറഞ്ഞ് മമ്മൂട്ടി; പങ്കുവെച്ച് ചുള്ളിക്കാട്

കൊച്ചി: മതസൗഹാര്‍ദ്ദത്തിനും വിദ്യാഭ്യാസ മേന്മയിലും പുകള്‍പ്പെറ്റ കേരളത്തിന് നാണക്കേടായിരുന്നു സമീപകാലത്ത് നടന്ന സംഭവങ്ങള്‍. പ്രളയത്തില്‍ കണ്ട ഒത്തൊരുമ പിന്നീട് എവിടെയൊക്കെയോ ആയി നഷ്ടപ്പെടുകയായിരുന്നു മലയാളിക്ക്. സമീപകാലത്തെ ഈ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തുകയാണ് നടന്‍ മമ്മൂട്ടിയും എഴുത്തുകാരനും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാടും.

ഒരു സിനിമയുടെ ലൊക്കേഷനിലെ സൗഹൃദസംഭാഷണത്തിനിടെ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ഹൃദ്യമായ ചെറുകുറിപ്പായി ചുള്ളിക്കാട് തന്നെയാണ് സുഹൃത്തിന് അയച്ചുകൊടുത്തത്. സുഹൃത്തായ ഹരിലാല്‍ രാജഗോപാല്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ ഈ വരികള്‍ വൈറലായിരിക്കുകയാണ്. രണ്ടുവരിയില്‍ കേരളത്തിലെ ഓരോ മനുഷ്യന്റെയും ആധിയാണിതെന്നാണ് സമൂഹമാധ്യമത്തിലെ വായനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്.

കുറിപ്പ് ഇങ്ങനെ:
വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

‘സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?’

‘അതെ.’

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

‘ പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?’

– ബാലചന്ദ്രന്‍ ചുള്ളിക്കാട്

ഹരിലാല്‍ രാജഗോപാല്‍ സോഷ്യല്‍മീഡിയയില്‍ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Exit mobile version