ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചു, വയനാട്ടില്‍ അമ്മയും മകളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദര്‍ശനയുടെ മാതാപിതാക്കള്‍ പറയുന്നു.

വയനാട്: ഗര്‍ഭിണിയായ യുവതി മകളുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ ഭര്‍ത്താവ് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാണ് ദര്‍ശന ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും കുടുംബം ആരോപണവുമായി രംഗത്തെത്തി. ഭര്‍ത്താവും ഭര്‍തൃ പിതാവും മകളെ മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും ദര്‍ശനയുടെ മാതാപിതാക്കള്‍ പറയുന്നു.

സ്വന്തം മകളെയും കൂട്ടി വിഷം കഴിച്ച് പുഴയില്‍ ചാടാന്‍ ദര്‍ശനയെ പ്രേരിപ്പിച്ചത് ഭര്‍തൃവീട്ടുകാരുടെ പീഡനമാണെന്നാണ് ദര്‍ശനയുടെ അമ്മ വിശാലാക്ഷി പറഞ്ഞു. മുമ്പ് രണ്ട് തവണ മകളെ ഭര്‍ത്താവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും അവര്‍ പറയുന്നു. നാല് മാസം ഗര്‍ഭിണിയായിരിക്കെ വീണ്ടും അതിന് നിര്‍ബന്ധിച്ചതോടെയാണ് മകള്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ 13 നാണ് ദര്‍ശന വിഷം കഴിച്ച ശേഷം അഞ്ച് വയസുകാരി മകള്‍ക്കൊപ്പം വെണ്ണിയോട് പുഴയില്‍ ചാടിയത്. ദര്‍ശന പിറ്റേന്ന് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മകളുടെ മൃതദേഹം നാലാം നാള്‍ പുഴയില്‍ നിന്നും കണ്ടെടുത്തു.

അതേസമയം, ഭര്‍ത്താവ് വെണ്ണിയോട് സ്വദേശി ഓംപ്രകാശും പിതാവ് ഋഷഭരാജനും ദര്‍ശനയെ മര്‍ദ്ദിച്ചിരുന്നതായും, സ്വന്തം മകളുടെ ഭാവിയെ ഓര്‍ത്താണ് ദര്‍ശന തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതെന്നും കുടുംബം പറയന്നു. മാനസിക പീഡനത്തിന് തെളിവായ ഭര്‍തൃപിതാവിന്റെ ഓഡിയോ റെക്കോഡും കുടുംബം പരസ്യപ്പെടുത്തി. ദര്‍ശനയുടെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ടു കുടുംബം ജില്ലാ കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version