സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് ബൈക്കിൽ മടങ്ങി; ദിശ തെറ്റിച്ച് മരണ രൂപത്തിലെത്തി കെഎസ്ആർടിസി സ്വിഫ്റ്റ്; കണ്ണീരായി ശ്രുതിയും നിഹാലും

കൊല്ലം: വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സുഹൃത്തുക്കളുടെ ജീവനെടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്. ബൈക്കിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ യുവാവും യുവതിയും മരണപ്പെട്ടു. കാവാലം ചെറുകര എത്തിത്തറ സാബുവിന്റെ മകൾ ശ്രുതി (25), കോഴിക്കോട് നൻമണ്ട ചീക്കിലോട് മേലേ പിലാത്തോട്ടത്തിൽ മുഹമ്മദ് നിഹാൽ (25) എന്നിവരാണ് മരിച്ചത്.

ഇരുവരും കൊല്ലത്തെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് ബന്ധുക്കൾ പറഞ്ഞു. കാവനാട് ആൽത്തറമൂട് ജങ്ഷനിലായിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെ എറണാകുളത്തുനിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.

ബസ് ആൽത്തറമൂട് ജങ്ഷനിൽ മുന്നോട്ടുപോയി ചുറ്റിവരേണ്ടതിനുപകരം ഡിവൈഡറിനു സമീപം വലത്തോട്ടുതിരിഞ്ഞ് തെറ്റായ ദിശയിലൂടെ വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ഉടൻ തന്നെ ബസിൽ കയറ്റി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഹമ്മദ് നിഹാൽ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്നെ മരണപ്പെട്ടു. ശ്രുതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പോലീസ് സംഭവത്തിൽ കേസെടുത്തു.

ALSO READ- സുഹൃത്തിന് കൂട്ടിരിക്കാനെത്തി; കോട്ടയം മെഡിക്കൽ കോളേജിൽ കുളിമുറിയിൽ ഒളിക്യാമറവെച്ച് പെൺകുട്ടിയുടെ നഗ്നദൃശ്യം പകർത്തി; യുവാവ് പിടിയിൽ

എറണാകുളത്തെ അക്വറേറ്റ് എൻജിനിയേഴ്സിലെ ഡിസൈനർ ആണ് മുഹമ്മദ് നിഹാൽ. പിതാവ്: അബ്ദുൾ ജമാൽ. മാതാവ്: സാജിദ. സഹോദരങ്ങൾ: മുഫൈൽ, മുഫ്ളിഹ്.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ താത്കാലിക ജീവനക്കാരിയാണ് ശ്രുതി. അമ്മ: സ്റ്റാനിസ്. സഹോദരൻ: സൗരവ്. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്കു കൊണ്ടുപോയി. ശ്രുതിയുടെ സംസ്‌കാരം ബുധനാഴ്ച 11-ന് ചെറുകരയിലെ വീട്ടുവളപ്പിൽ നടത്തി.

Exit mobile version