പറവൂരിൽ 200 രൂപയെ ചൊല്ലി ആംബുലൻസ് എടുത്തില്ല; സമയനഷ്ടം കാരണം ചികിത്സ കിട്ടാതെ രോഗി മരിച്ചു; ആംബുലൻസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: 200 രൂപയുടെ തർക്കത്തിന്റെ പേരിൽ വിലപ്പെട്ട ജീവൻ നഷ്ടമാ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട്. ഡ്രൈവർ അരമണിക്കൂറോളം സമയം നഷ്ടമാക്കിയെന്നും ഇത് രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിച്ചു എന്നുമാണ് ആരോഗ്യ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നത്.

പറവൂർ താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ നിന്നും പണം മുൻകൂറായി നൽകാത്തതിൽ ഡ്രൈവർ ആംബുലൻസ് എടുക്കാൻ തയ്യാറായില്ലെന്നാണ് പരാതി ഉയർന്നിരുന്നത്.

അസ്മയെന്ന രോഗിയാണ് മരണപ്പെട്ടത്. പിന്നാലെ ഗുരുതര ആരോപണവുമായി കുടുംബാംഗങ്ങളെത്തുകയായിരുന്നു. ഡ്രൈവർക്കെതിരെ അസ്മയുടെ കുടുംബം പോലീസിൽ പരാതിയും നൽകി. 200 രൂപയുടെ കുറവിന്റെ പേരിൽ അരമണിക്കൂറോളം ആംബുലൻസ് എടുക്കാതെ വൈകിപ്പിച്ചെന്നാണ് പരാതി.

ഗുരുതരാവസ്ഥയിലായ ചിറ്റാട്ടുകര സ്വദേശി അസ്മയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാൻ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. പിന്നാലെയാണ് ഗുരുതര കൃത്യവിലോപം നടന്നത്. ആംബുലൻസ് ഫീസായി 900 രൂപ ഡ്രൈവർ ആന്റണി ആവശ്യപ്പെട്ടെന്നും 700രൂപ നൽകിയപ്പോഴും ബാക്കിയുള്ള 200രൂപ കൂടി കിട്ടാതെ ഡ്രൈവർ വണ്ടിയെടുക്കില്ലെന്ന് നിർബന്ധം പിടിക്കുകയായിരുന്നു. പിന്നീട് സമയം വൈകി ജനറൽ ആശുപത്രിയിൽ എത്തിച്ചയുടൻ അസ്മ മരണപ്പെടുകയും ചെയ്തു.ച്ചു.

ഈ വിഷയം വിവാദമായതോടെയാണ് ആരോഗ്യ വകുപ്പ് പ്രാഥമിക അന്വേഷണം നടത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ആംബുലൻസ് ഡ്രൈവർ സമയനഷ്ടം വരുത്തിയെന്നാണ് കുറ്റപ്പെടുത്തൽ. ആശുപത്രി ജീവനക്കാരിൽ നിന്നും വിവരങ്ങൾ തേടി തയ്യാറാക്കിയ റിപ്പോർട്ടിൽ ആംബുലൻസ് ഡ്രൈവർ അര മണിക്കൂർ രോഗിയെ ജനറൽ ആശുപത്രിയിലെത്തിക്കുന്നത് വൈകിപ്പിച്ചുവെന്നാണ് പറയുന്നത്. അതേസമയം, ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ആംബുലൻസ് ഡ്രൈവറോട് വിശദീകരണം തേടിയെന്നും ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ടിലുണ്ട്.

ALSO READ- വീണ്ടും വിദേശത്തേക്ക് പറന്ന് പ്രധാനമന്ത്രി മോദി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക്

അതേസമം, പരാതിയിൽ പറയുന്ന കാര്യങ്ങൾ ആംബുലൻസ് ഡ്രൈവർ ആന്റണി നിഷേധിച്ചു. പണം മുൻകൂറായി നൽകിയാലേ ആംബുലൻസ് എടുക്കൂവെന്ന് താൻ നിർബന്ധം പിടിച്ചിട്ടില്ലെന്നാണ് ആന്റണിയുടെ വാദം.

മരിച്ച അസ്മയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലൻസ് എടുക്കാൻ വൈകിയതെന്നും ആന്റണിയുടെ വാദിക്കുന്നു. എന്നാൽ ഡ്രൈവർ ആന്റണിയുടെ വാദങ്ങൾ തള്ളി അസ്മയുടെ മകൾ തന്നെ രംഗത്തെത്തി.

ആരോഗ്യ വകുപ്പിൽ ജീവനക്കാരനായിരുന്ന ആന്റണി വിരമിച്ച ശേഷം ഡ്രൈവറായി താത്കാലിക അടിസ്ഥാനത്തിൽ ജോലിയിൽ തുടരുകയായിരുന്നു. നിലവിൽ 108 ആംബുലൻസാണ് സൗജന്യ സർവീസ് നടത്തുന്നത്. സംഭവ ദിവസം 108 ആംബുലൻസ് പുറത്തായിരുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആംബുലൻസിന് വാടക വാങ്ങാറുണ്ട്. ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തിയ ശേഷം പലരും പണം നൽകാതെ പോകാറുണ്ടെന്നും ആശുപത്രി വ്യക്തമാക്കുന്നു. ഇന്നലത്തെ സംഭവത്തിന് ശേഷം ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തി.

Exit mobile version