വീണ്ടും വിദേശത്തേക്ക് പറന്ന് പ്രധാനമന്ത്രി മോദി; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക്

ഫ്രാൻസിൽ നിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടും.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലേക്ക് യാത്ര തിരിച്ചു. ഇന്ത്യന്‍ സമയം നാല് മണിക്ക് പാരീസിലെത്തുന്ന മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായും ചര്‍ച്ച നടത്തും. ഫ്രാന്‍സില്‍ നിന്ന് നാവികസേനയ്ക്കായി 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടും.

അതേസമയം, ബാസ്റ്റീല്‍ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും നാളെ മുഖ്യാതിഥിയായി മോദി പങ്കെടുക്കും. പ്രധാനമന്ത്രി മോദിക്ക് മക്രോണ്‍ എലിസെ കൊട്ടാരത്തിലാണ് പ്രത്യേക വിരുന്നൊരുക്കുക. പ്രശസ്തമായ ലൂവ് മ്യൂസിയത്തില്‍ ഔദ്യോഗിക വിരുന്നും മോദിക്കായി സംഘടിപ്പിക്കും.

ശനിയാഴ്ച യുഎഇ സന്ദര്‍ശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാന്‍സില്‍ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ല്‍ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ ഗള്‍ഫ് സന്ദര്‍ശനമാണിത്.

Exit mobile version