തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി അവഗണിച്ചു; ചിന്തിക്കാൻ കഴിയുന്നവർക്ക് ബിജെപിയിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്: ഭീമൻ രഘു

തിരുവനന്തപുരം: ബിജെപി വിട്ട നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. സിപിഎമ്മിൽ മെമ്പർഷിപ്പ് എടുക്കുന്ന കാര്യങ്ങൾ പാർട്ടിയുമായി ആലോചിച്ച് ചെയ്യുമെന്നും ഭീമൻ രഘു പറഞ്ഞു.

എംവി ഗോവിന്ദൻ അണിയിച്ച ചുവന്ന ഷാൾ ധരിച്ചാണ് ഭീമൻ രഘു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. ബിജെപി വിടാനുണ്ടായ സാഹചര്യം ആദർശപരമായ വിയോജിപ്പാണെന്ന് അദ്ദേഹം പ്രതികരിച്ചു. ചിന്തിക്കാൻ കഴിയുന്നവർക്ക് അവിടെ പ്രവർത്തിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണെന്നും ഭീമൻ രഘു മാധ്യമങ്ങളോട് പറഞ്ഞു.

താൻ വിജയം തേടിയല്ല സത്യത്തിൽ അതിനകത്തേക്ക് വന്നത്. നമുക്കുള്ള കഴിവുകളെ കാണിക്കാൻ ഒരവസരം അവർ തരുന്നില്ല. അതാണ് അവിടെ നിന്ന് മാറാനുള്ള കാരണം. 2016 തെരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയിൽ നിന്ന് ഒരുപാട് മാനസിക പ്രയാസങ്ങൾ അനുഭവിച്ചുവെന്നും ഭീമൻ രഘു പറഞ്ഞു.

അന്ന് പത്തനാപുരത്ത് ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് മോഹൻലാൽ, പ്രിയദർശൻ അങ്ങനെ ഒരുപാടാളുകൾ വന്നപ്പോൾ താൻ ആദ്യം സന്തോഷിച്ചിരുന്നു. തനിക്കും ഒരാളുണ്ടല്ലോ, സിനിമാ മേഖലയിൽ നിന്ന് സുരേഷ് ഗോപി. അദ്ദേഹത്തെ ഏഴെട്ടു പ്രാവശ്യം വിളിച്ചു. എപ്പോഴും അദ്ദേഹത്തിന്റെ പിഎ ആണെടുത്തത്. അദ്ദേഹം ഭയങ്കര തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചത്.

പിന്നീട് ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരു തവണ കൂടി വിളിച്ചു. അപ്പോൾ സുരേഷ് ഗോപിയെടുത്ത് സംസാരിച്ചു. സുരേഷെ, ഇവിടുത്തെ ബഹളങ്ങളൊക്കെ കേൾക്കുന്നില്ലേ, ഒരു ദിവസമെങ്കിലും പത്തനാപുരത്ത് എത്താമോ എന്ന് ചോദിച്ചു. പക്ഷെ, പ്രധാനമന്ത്രിക്കൊപ്പം മറ്റു പ്രചാരണ ചുമതലകൾ ഏറ്റതിനാൽ വരാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചതെന്ന് ഭീമൻ രഘു വെളിപ്പെടുത്തി.

also read- ‘എത്രയോ വർഷത്തെ ആത്മബന്ധം’; അഞ്ചു വർഷത്തോളം സമയമെടുത്ത് വരച്ച് സമ്മാനിച്ച സൗന്ദര്യലഹരി, ആർട്ടിസ്റ്റ് നമ്പൂതിരി വരച്ചതെല്ലാം നിധിപോലെ സൂക്ഷിക്കും: മോഹൻലാൽ

അതേസമയം, രാജ്യത്തിന് ആവശ്യമായ രീതിയിലാണോ പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായ വ്യത്യാസമുണ്ട്. ബിജെപിയിൽ വന്നതിന് ശേഷം സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ ഇഷ്ടമുള്ളതുകൊണ്ടാണ് ഇപ്പോൾ വന്നത്. കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടിയാണ് സിപിഐഎം. ലിഖിതമായ ഒരു ഭരണഘടനയുണ്ട് സിപിഐഎമ്മിന്. നേരത്തേ ഇത് തിരിച്ചറിഞ്ഞിരുന്നെങ്കിലും സിപിഐഎമ്മിൽ നിന്ന് വിളിയൊന്നും വരാത്തതുകൊണ്ടാണ് ഇത്രയും വൈകിയതെന്നും ഭീമൻ രഘു പറഞ്ഞു.

Exit mobile version