സ്ഥലത്തിന്റെ രേഖ കൈമാറാൻ ആവശ്യപ്പെട്ടത് 5,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

ദേശമംഗലം: സ്ഥലത്തിന്റെ രേഖ നൽകുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് പിടിയിൽ. അട്ടപ്പാടി സ്വദേശി ടി അയ്യപ്പനാണ് വിജിലൻസിന്റെ പിടിയിലായത്. പട്ടാമ്പി പൂവത്തിങ്ങൽ അബ്ദുള്ളക്കുട്ടിയാണ് പരാതിക്കാരൻ.

സ്ഥലത്തിന്റെ കൈവശാവകാശ രേഖ (റെക്കോഡ്‌സ് ഓഫ് റൈറ്റ്‌സ്) നൽകുന്നതിന് വേണ്ടിയാണ് അബ്ദുള്ളക്കുട്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. എന്നാൽ, പലതവണ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

പിന്നീട് വില്ലേജ് അസിസ്റ്റന്റ് സ്ഥലപരിശോധനയ്ക്കായി എത്തി. തുടർന്നാണ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ വിവരം അബ്ദുള്ളക്കുട്ടി വിജിലൻസ് ഡിവൈഎസ്പി സി ജി ജിം പോളിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരൻ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ അയ്യപ്പന് നൽകുകയായിരുന്നു. പിന്നാലെ പുറത്ത് കാത്തുനിൽക്കുകയായിരുന്ന വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ കൈയോടെ പിടികൂടുകയും ചെയ്തു.

also read- കേന്ദ്രം വിചാരിക്കുന്ന പോലെ മുന്നോട്ട് പോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകും; ജനങ്ങളെ കൊതിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി

വിജിലൻസ് എസ്.ഐ.മാരായ പി.ഐ. പീറ്റർ, ജയകുമാർ, എ.എസ്.ഐ. ബൈജു, സി.പി.ഒ.മാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് തുടങ്ങിയവരാണ് അയ്യപ്പനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Exit mobile version