ഹെൽമെറ്റില്ലാതെ സ്ത്രീയും പുരുഷനും ബൈക്കിൽ; എഐ എടുത്ത ഫോട്ടോ സഹിതം അഡ്രസ് മാറി നോട്ടീസ് എത്തി; കുടുംബം കലക്കരുതെന്ന് അഷ്‌റഫ്

മൂവാറ്റുപുഴ: എഐ കാമറ കാരണം കുടുംബ കലഹമുണ്ടായേനെ എന്ന് പരാതിയുമായി മൂവാറ്റുപുഴ സ്വദേശി. ഹെൽമറ്റ് ധരിക്കാതെ പുരുഷനും സ്ത്രീയും ബൈക്കിൽ സഞ്ചരിക്കുന്ന ചിത്രം സഹിതം മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയയാളാണ് പരാതിക്കാരൻ. 2500 രൂപ പിഴ അടയ്ക്കാനുള്ള ഈ നോട്ടീസ് മൂവാറ്റുപുഴ സ്വദേശി അഷ്‌റഫ് മാണിക്യത്തിനാണ് ലഭിച്ചത്.

ഇദ്ദേഹം മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായി പങ്കുവച്ച സാമൂഹിക മാധ്യമ കുറിപ്പിൽ പറയുന്നത് ‘പൊന്നേമാനേ….കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’ – എന്നാണ്.

മറ്റാരോ നടത്തിയ ഗതാഗത ലംഘനത്തിനു പേരും മേൽവിലാസവും മാറിയാണ് അഷ്‌റഫിനെ തേടിയെത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. മൂവാറ്റുപുഴ പെരുമറ്റം മാണിക്യമംഗലം വീട്ടിൽ അഷ്‌റഫിനു മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ് ലഭിച്ചതോടെ ആകെ പൊല്ലാപ്പായി.

ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ സഞ്ചരിക്കുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഒപ്പം ഗതാഗത നിയമം ലംഘിച്ചതിനു 2500 രൂപ പിഴ അടയ്ക്കണം എന്നും നിർദേശവും. എന്നാൽ, അയച്ചു നൽകിയ ചിത്രത്തിലെ ബൈക്കിന്റെ റജിസ്‌ട്രേഷൻ നമ്പർ സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് പിഴവ് വ്യക്തമായതെന്നു അഷ്‌റഫ് പറയുന്നു.

ALSO READ- വരും മണിക്കൂറില്‍ അതിശക്തമായ മഴ, കടലാക്രമണത്തിനും സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ ഓറഞ്ച് അലേര്‍ട്ടുകള്‍, ജാഗ്രത

കൊച്ചി- ധനുഷ്‌കോടി റോഡിൽ പെരുമറ്റത്ത് ബൈക്ക് ഓടിച്ചു പോകുന്ന ചിത്രമാണ് അഷ്‌റഫിനു കിട്ടിയ നോട്ടിസിൽ ഉണ്ടായിരുന്നത്. എന്നാൽ ബൈക്കിന്റെ റജിസ്‌ട്രേഷൻ നമ്പർ അഷ്‌റഫ് മാണിക്യത്തിന്റെ ബൈക്കിന്റേത് ആയിരുന്നില്ല. നോട്ടിസിലെ ചിത്രത്തിലുള്ളവരും ബൈക്കുമായി അഷ്‌റഫിനു ബന്ധവുമില്ലെന്നും കണ്ടെത്തി. മകന്റെ പേരിലുള്ള KL 17 P 475 നമ്പറിലുള്ള ബൈക്ക് ഇപ്പോൾ അഷ്‌റഫ് മാണിക്യമാണ് ഉപയോഗിക്കുന്നത്. ഈ നമ്പറിനോട് സാമ്യമുള്ള നമ്പറാണ് ഗതാഗത നിയമം ലംഘിച്ചിരിക്കുന്നത്.

Exit mobile version