നൈറ്റ് ഡ്യൂട്ടിയ്‌ക്കെത്തിയ സെക്യൂരിറ്റി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത് 12 മണിക്കൂര്‍

തൃശ്ശൂര്‍: ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി, സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്ളില്‍ കുടുങ്ങിക്കിടന്നത് 12 മണിക്കൂര്‍. തൃശ്ശൂര്‍ ഒ.കെ. മാളിലെ ജീവനക്കാരനായ ഭരതനാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഡ്യൂട്ടിയ്ക്ക് പോയ ഭരതന്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുന്ന വിവരം പുറത്തറിയുന്നത്.

ചൊവ്വാഴ്ച രാത്രി ഡ്യൂട്ടിക്കെത്തിയ ഭരതന്‍ ലിഫ്റ്റില്‍ കയറി മുകളില്‍ പോയി. ഈ സമയം ലിഫ്റ്റ് പ്രവര്‍ത്തനം നിലച്ചു. രാത്രി ഡ്യൂട്ടിക്ക് മറ്റാരും മാളില്‍ ഉണ്ടായിരുന്നതുമില്ല. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനായി വച്ചിരുന്നതിനാല്‍ കുടുങ്ങിയ വിവരം ആരെയും അറിയിക്കാനും കഴിഞ്ഞില്ല.

ജോലി സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ ഓ.കെ. ഹാളില്‍ വിളിച്ചത്. തുടര്‍ന്ന് ജീവനക്കാര്‍ എത്തി അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് ഭരതനെ രക്ഷപ്പെടുത്തിയത്. അവശനിലയിലായ ഭരതനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version