ഒരു വര്‍ഷം ആശുപത്രിയുടെ പുറത്തുകൂടി ചുറ്റിക്കറങ്ങി, ഒടുവില്‍ പൂച്ച സെക്യൂരിറ്റി ടീമില്‍

കാന്‍ബെറ: ഒരു വര്‍ഷം ആശുപത്രിയുടെ പുറത്തുകൂടി ചുറ്റിക്കറങ്ങിയ പൂച്ചയെ ഒടുവില്‍ സെക്യൂരിറ്റി ടീമിലേക്ക് ഏറ്റെടുത്ത് ആശുപത്രി അധികൃതര്‍. ഓസ്‌ട്രേലിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം. മെല്‍ബണിലുള്ള എപ്വര്‍ത് ആശുപത്രിയിലെ സെക്യൂരിറ്റി ടീമിലുള്ള ഉദ്യോഗമാണ് എല്‍വുഡ് എന്ന പൂച്ച സ്വന്തമാക്കിയത്.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി എപ്വര്‍ത് ആശുപത്രിയുടെ മുന്‍വാതിലില്‍ സ്ഥിര സാന്നിധ്യമാണ് എല്‍വുഡ്. ദിവസവും രാവിലെ കൃത്യമായി അവന്‍ ആശുപത്രിയിലെത്തും. ആശുപത്രിയിലേക്ക് വരികയും പോവുകയും ചെയ്യുന്ന രോഗികളെയും ജോലിക്കാരെയുമെല്ലാം നോക്കിയിരിക്കുകയെന്നത് തന്നെയാണ് പ്രധാന ജോലി.

ആരെങ്കിലും തലോടുകയോ സ്‌നേഹത്തോടെ നോക്കുകയോ ചെയ്താല്‍ അതുതന്നെ എല്‍വുഡിന് ധാരാളം. പകല്‍ സമയത്തെ തന്റെ ജോലി കഴിഞ്ഞാല്‍ വൈകുന്നേരത്തോടെ പുറത്തിറങ്ങി റോഡ് മുറിച്ചു കടന്നു പോവുകയും ചെയ്യും. ആദ്യമൊക്കെ എല്ലാവര്‍ക്കും പൂച്ച ഒരു കൗതുകമായിരുന്നു.

പിന്നീട് എന്നും കണ്ടുപരിചയിച്ചതിനാല്‍ ജോലിക്കാര്‍ക്കും എല്‍വുഡ് തങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ തന്നെയായി മാറി. ഇത്രയും മാസങ്ങളായിട്ടും പൂച്ച മാറ്റമില്ലാതെ സ്ഥിരമായി ജോലി തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒടുവില്‍ സെക്യൂരിറ്റി ടീമില്‍ ഔദ്യോഗിക നിയമനം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

പൂച്ചയ്ക്ക് സുരക്ഷാ ഉദ്യോഗസ്ഥനായി നിയമനം നല്‍കിയതറിയിച്ചുകൊണ്ട് എപ്വര്‍ത് ആശുപത്രി പ്രസ്താവനയും ഇറക്കി. സ്വന്തം പേരില്‍ സെക്യൂരിറ്റി ടീമംഗങ്ങളുടേത് പോലെ തന്നെയുള്ള ഒരു ഐഡി കാര്‍ഡും എല്‍വുഡിനു നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ സ്ഥിര നിയമനം കിട്ടിയതൊന്നും അറിഞ്ഞില്ലെങ്കിലും എല്‍വുഡ് ഇപ്പോഴും തന്റെ ജോലി കൃത്യമായി തുടരുന്നുണ്ട്.

Exit mobile version