23 വര്‍ഷം അച്ഛന്റെ സന്തത സഹചാരി, 25 വര്‍ഷം മുന്‍പ് വിറ്റുപോയി: അതേ അംബാസഡര്‍ കാര്‍ വാങ്ങി സര്‍പ്രൈസ് നല്‍കി മക്കള്‍

നെട്ടിശേരി: രണ്ടരപതിറ്റാണ്ടുകാലം സന്തത സഹചാരിയായിരുന്ന അതേ അംബാസഡര്‍ കാര്‍ അച്ഛന് സര്‍പ്രൈസായി സമ്മാനിച്ച് മക്കള്‍. 23 വര്‍ഷത്തോളം അച്യുതന്‍ നായര്‍ സ്വന്തമെന്ന പോലെ കൊണ്ടുനടന്നതും 25 വര്‍ഷംമുന്‍പ് വിറ്റുപോയതുമായ കാര്‍ ആണ് 84ാം വയസ്സില്‍ സ്വന്തമായി തിരിച്ചുകിട്ടിയത്. ഫാദേഴ്‌സ് ഡേയിലാണ് മക്കളായ അജിത്തും സുജിത്തും അപ്രതീക്ഷിത സമ്മാനം നല്‍കിയത്.

മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകന്‍ ഡോ.വി.ആര്‍.മേനോന്റെ സഹായി ആയിരുന്നു അച്യുതന്‍ നായര്‍. ചേര്‍പ്പില്‍ പ്രവര്‍ത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റല്‍ ഡോക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1968ലാണ് ഡോക്ടര്‍ ഈ കാര്‍ വാങ്ങുന്നത്. മദ്രാസില്‍നിന്ന് തൃശൂരില്‍ എത്തിച്ച കാര്‍ അന്നുമുതല്‍ അച്യുതന്‍ നായരുടെ കൂട്ടായി.

അന്ന് കറുത്ത നിറമായിരുന്നു കാറിന്. അച്യുതന്‍ നായരുടെ വീട്ടില്‍ തന്നെയാണ് കാര്‍ സൂക്ഷിച്ചിരുന്നത്. മക്കളുടെ കുട്ടിക്കാലത്തും ജീവിതത്തിന്റെ നല്ലൊരു പങ്കിലും സഹചാരിയായിരുന്നു ആ കാര്‍. പിന്നീട് 23 വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍ ആ കാര്‍ വിറ്റു. 2 വര്‍ഷത്തിനു ശേഷം അച്യുതന്‍ നായര്‍ ജോലിയും നിര്‍ത്തി.

Read Also: ‘പുഞ്ചിരി മുത്തശ്ശി’ ഇനി ഓര്‍മ്മ

എങ്കിലും അച്യുതന്‍ നായരുടെ മനസ്സില്‍ കാര്‍ ഓര്‍മയായി മാറിയെങ്കിലും മക്കള്‍ വിട്ടില്ല. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാര്‍ വാങ്ങിയത്. അവിടെച്ചെന്ന് കാര്‍ ഇടയ്ക്കു കാണും. പല തവണ വാങ്ങാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം മാവേലിക്കര സ്വദേശി കാര്‍ വാങ്ങിയതറിഞ്ഞ് അവിടെയെത്തി. അച്ഛനു സമ്മാനിക്കാനാണെന്നു പറഞ്ഞതും കാറുടമയും സമ്മതിച്ചു.

ഭാരത് ഏജന്‍സീസ്, ഭാരത് പെയിന്റ്‌സ് എന്നീ സ്ഥാപനങ്ങള്‍ നടത്തുകയാണ് അജിത്തും സുജിത്തും. അന്നത്തെ കറുത്ത നിറത്തിലേക്ക് തന്നെ അംബാസഡറിനെ മാറ്റാനൊരുങ്ങുകയാണ് ഇരുവരും.

Exit mobile version