സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; സഞ്ജയ് പി മല്ലാർ ഒന്നാമൻ; ആഷിഖ് സ്റ്റെന്നിക്ക് രണ്ടാം റാങ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്‌സുകളിലേക്ക് പ്രവേശനം നേടാനുള്ള റാങ്ക് പട്ടിക പ്രഖ്യാപിച്ചു. 49671 പേരുടെ റാങ്ക് പട്ടികയാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പുറത്തിറക്കിയത്. റാങ്ക് പട്ടികയിൽ 24325 പേർ പെൺകുട്ടികളും 25346 പേർ ആൺകുട്ടികളുമാണ്.

കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക് (സ്‌കോർ 583). കോട്ടയം സ്വദേശി ആഷിഖ് സ്റ്റെന്നി രണ്ടാം റാങ്കും(575 സ്‌കോർ), കോട്ടയം സ്വദേശി ഫ്രെഡ്ഡി ജോർജ് റോബിൻ മൂന്നാം റാങ്കും(572 സ്‌കോർ) സ്വന്തമാക്കി.

എസ്‌സി വിഭാഗത്തിൽ നിന്ന് പത്തനംതിട്ട സ്വദേശി ചേതന എസ്‌ജെ ഒന്നാം റാങ്ക് നേടി (443 സ്‌കോർ). കോഴിക്കോട് സ്വദേശി സൂര്യ ദേവ് വിനോദ് രണ്ടാം റാങ്കും( 437) സ്വന്തമാക്കി. എസ്ടി വിഭാഗത്തിൽ എറണാകുളം സ്വദേശി ഏദൻ വിനു ജോൺ ഒന്നാം റാങ്കും (387 സ്‌കോർ), പാലക്കാട് സ്വദേശി അനഘ രണ്ടാം റാങ്കും (364) നേടി.

സംസ്ഥാന ഹയർസെക്കൻഡറി സിലബസിൽ നിന്നും 2043 പേരും സിബിഎസ്ഇയിൽ നിന്ന് 2790 പേരുമാണ് ആദ്യ അയ്യായിരം റാങ്കുകളിൽ യോഗ്യത നേടിയത്. ആദ്യ ആയിരം റാങ്കുകളിൽ ഏറ്റവും കുടുതൽ കുട്ടികൾ യോഗ്യത നേടിയത് എറണാകുളം ജില്ലയിൽ നിന്നാണ് (154 പേർ). രണ്ടാമത് തിരുവനന്തപുരം ജില്ലയിൽ നിന്നു(135 പേർ)മാണ്.

ALSO READ- സോഷ്യൽമീഡിയ വിമർശനത്തിലും തിയേറ്ററിൽ കുതിപ്പ് തുടർന്ന് ആദിപുരുഷ്’; രണ്ടാം ദിനത്തിലും നൂറ് കോടി; 300 കോടി ക്ലബിലിടെ പിടിച്ച് ചിത്രം

മേയ് 17-ന് നടന്ന പ്രവേശന പരീക്ഷയുടെ മൂല്യ നിർണയത്തിന് ശേഷം മേയ് 31-ന് സ്‌കോർ പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യത പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചു കൊണ്ടാണ് റാങ്ക് പട്ടിക ഫൈനലായി പ്രസിദ്ധീകരിച്ചത് എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.

Exit mobile version