മകന്‍ മരിച്ചത് അറിഞ്ഞില്ല, പ്രായമായ അമ്മ മൃതദേഹത്തിന് കൂട്ടിരുന്നത് മൂന്ന് ദിവസം

കോഴിക്കോട്: മകന്‍ മരിച്ചത് അറിയാതെ അമ്മ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയത് മൂന്നുദിവസം. കോഴിക്കോട് വളയത്താണ് ദാരുണ സംഭവം. കോഴിക്കോട് വളയം കല്ലുനിരയില്‍ മൂന്നാം കുനി രമേശനെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രമേശന്‍ മരിച്ചത് അറിയാതെയാണ് മാതാവ് മന്ദി മൃതദേഹത്തിനരികെ മൂന്ന് ദിവസത്തോളം ഇരുന്നത്. പെന്‍ഷന്‍ നല്‍കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.

മന്ദിയ്ക്ക് പെന്‍ഷന്‍ നല്‍കാനായി വീട്ടിലെത്തിയ ജീവനക്കാര്‍, ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനകത്ത് കയറി പരിശോധിക്കുകയായിരുന്നു. വയോധിക മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

രമേശനെ കട്ടിലില്‍ മരിച്ച നിലയിലും സമീപത്ത് മാതാവിനെയും കണ്ടതിനെ തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തുകയും പ്രാഥമിക പരിശോധന നടത്തുകയും ചെയ്തു. മാതാവിന് മാനസിക അസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാര്‍ പറഞ്ഞു. കരള്‍ രോഗിയായ രമേശന് ശാരീരിക അവശതകളുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Exit mobile version