‘ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാർ, എനിക്ക് ഈ പോലീസ് സ്റ്റേഷനിൽ ഒരു ജോലി തരുമോ’; കണ്ണൂരിൽ ട്രെയിനിന് തീയിട്ട പ്രതി പോലീസുകാരോട്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട തീവണ്ടിയുടെ കോച്ചിന് തീവെച്ച കേസിലെ പ്രതിയെ പ്രതിയെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുത്തു. പ്രതി പ്രസോൺജിത്ത് സിദ്ഗർ (37) തലശ്ശേരിയിൽനിന്ന് കണ്ണൂരിലെത്തിയത് തീയിട്ട അതേ തീവണ്ടിയിൽതന്നെയെന്ന് മൊഴി നൽകി.

ഇയാൾ തീവെച്ച ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽതന്നെയാണ് ഇയാൾ കണ്ണൂരിലെത്തിയതെന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തി. ടൗൺ ഇൻസ്പെക്ടർ പിഎ ബിനു മോഹൻ, ആർപിഎഫ് സിഐ ബിനോയ് ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുത്തത്.

വെള്ളിയാഴ്ച രാവിലെയാണ് തെളിവെടുപ്പ് നടന്നത്. പ്രതി തീവണ്ടിയിൽ ഓടിക്കയറുന്നത് സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തിലുണ്ട്. പ്രസോൺജിത്ത് സിദ്ഗറിനെ കസ്റ്റഡിയിലെടുത്ത ദിവസം പ്രതി തലശ്ശേരിയിൽനിന്ന് നടന്നാണ് കണ്ണൂരിലെത്തി എന്നായിരുന്നു മൊഴി നൽകിയത്.

അതേസമയം, പ്രതി പോലീസിന് നൽകുന്ന മൊഴിയിൽ പലപ്പോഴും വൈരുധ്യമുള്ളത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. വിവിധ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

ഇതിനിടെ, പോലീസ് കസ്റ്റഡിയിലുള്ള പ്രസോൺജിത്ത് സിദ്ഗർ വിചിത്രമായ ആവശ്യവുമുന്നയിച്ചു. ‘സാർ, ഇവിടെയുള്ളവരൊക്കെ നല്ല ആൾക്കാർ, എനിക്ക് ഈ പോലീസ് സ്റ്റേഷനിൽ ഒരു ജോലി തരുമോ’ -എന്നായിരുന്നു പ്രസോൺജിതിന്റെ ചോദ്യം. ഇയാൾ പ്രധാനമായും ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. റിമാൻഡ് ചെയ്ത സ്പെഷ്യൽ സബ് ജയിലും പ്രതിക്ക് ഇഷ്ടമായി. നല്ല ഭക്ഷണവും കിടക്കാനുള്ള സൗകര്യവുമുണ്ടെന്നായിരുന്നു ജയിലധികൃതരോടുള്ള പ്രതിയുടെ പ്രതികരണം.

also read- ഒരുമിച്ച് താമസിച്ചിരുന്ന സ്ത്രീയെ പുലർച്ചെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സ്റ്റേഷനിലെത്തി പ്രതി കീഴടങ്ങി; സംഭവം കോട്ടയത്ത്

പ്രസോൺജിത്തിന് മാനസികപ്രശ്നമുള്ളതായി അച്ഛൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പ്രതിയുടെ പശ്ചിമബംഗാളിലെ വീട്ടിൽ ചെന്നപ്പോഴാണ് ഇക്കാര്യം ഇവർ അറിയിച്ചത്. വീട്ടിൽ സ്ഥിരമായി താമസിക്കാറില്ല. പലയിടങ്ങളിലും അലഞ്ഞുനടക്കുന്ന സ്വഭാവവുമുണ്ട്.

Exit mobile version