ഫോൺ വിളിച്ചിട്ട് എടുത്തില്ല; പെൺസുഹൃത്തിനെ കാണാൻ രാത്രി വീട്ടിലെത്തിയ 16 കാരൻ അടുത്തവീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ

പത്തനംതിട്ട: പെൺസുഹൃത്തിനെ കാണാനായി രാത്രിയിൽ വീട്ടിലെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തിൽ മുഹമ്മദ് ആഷിക്ക് എന്ന യുവാവാണ് മരിച്ചത്.

റാന്നിയിലെ സ്‌കൂളിൽ പത്താംതരത്തിൽ ഒപ്പം പഠിച്ചിരുന്ന വിദ്യാർഥിനിയെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെയാണ് നേരിട്ട് കാണാനായി ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനോട് ചേർന്ന് മറ്റൊരു സ്ഥലത്ത് സ്‌കൂട്ടർവെച്ച ആഷിക്ക് നടന്ന് വീട്ടിലെത്തുകയായിരുന്നു.

പെൺകുട്ടിയുടെ വീടിന്റെ ജനലിൽ മുട്ടിവിളിച്ചപ്പോൾ പുറത്തേക്കുവന്നത് പെൺകുട്ടിയുടെ മാതാവായിരുന്നു. തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ ആഷിക്ക് സ്ഥലത്തുനിന്ന് ഓടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

പിന്നീട് കാണാതായ ആഷിക്കിനെ തിരഞ്ഞ നാട്ടുകാർ സമീപത്തെ ആൾതാമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതിനുസമീപത്തുതന്നെ ആഷിക്ക് ഉപയോഗിച്ച സ്‌കൂട്ടറും കണ്ടെത്തിയിരുന്നു.

ALSO READ- കാനഡയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ചു; ഇടപ്പള്ളി ഹോട്ടലിൽ പെൺസുഹൃത്തിനെ ജെസിൽ മർദ്ദിച്ച് കൊലപ്പെടുത്തിയത് വൈരാഗ്യത്താൽ; സംഭവം ഇങ്ങനെ

വൈകീട്ട് വീട്ടിൽനിന്ന് പുറത്തേക്കുപോയ ആഷിക്കിനെ കാണാതായതോടെ വീട്ടുകാർ പരിഭ്രാന്തരായിരുന്നു. ആഷിക്ക് പെൺസുഹൃത്തിനെ കാണാൻ പോയിരിക്കാമെന്ന് ഇരട്ട സഹോദരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് ബന്ധുക്കൾ തിരഞ്ഞെത്തിയത്.


അന്വേഷണം പുതുശ്ശേരി മനയിലെത്തുകയും പെൺകുട്ടിയുടെ വീടിന് സമീപത്തുനിന്ന് സ്‌കൂട്ടർ കണ്ടെത്തുകയും ചെയ്തതോടെ പരിസരമാകെ തിരഞ്ഞു. ഈ സമയത്താണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ പുറത്തെടുത്ത മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആഷിക്കിന്റെ മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.

Exit mobile version