സാമ്പത്തികമായി പ്രതിസന്ധി അനിഭവിക്കുന്ന പഠനത്തിലെ മിടുക്കർക്ക് കൈത്താങ്ങുമായി മമ്മൂട്ടി; വീണ്ടും ‘വിദ്യാമൃതം’

പഠനത്തിൽ മിടുക്കുണ്ടായിട്ടും സാമ്പത്തികമായ പിന്നാക്കാവസ്ഥ കാരണം പഠനം മുടങ്ങുന്ന വിദ്യാർത്ഥികൾക്ക് തണലാകാൻ മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിർധനവിദ്യാർഥികൾക്കായി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസുമായി ചേർന്ന് തുടർപഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ വീണ്ടും

വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ആവിഷ്‌കരിച്ച ‘വിദ്യാമൃതം’പദ്ധതിയുടെ മൂന്നാംഘട്ടമാണിത്. ‘വിദ്യാമൃതം-3’ എന്നാണ് പേര്.

ഈ പദ്ധതിയിലൂടെ 200 വിദ്യാർഥികൾക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എംജിഎം ഗ്രൂപ്പ് ടെക്‌നിക്കൽ കോളേജസ് വൈസ് ചെയർമാൻ വിനോദ് തോമസ് കൈമാറി.

എൻജിനീയറിങ്, ഫാർമസി, ബിരുദ, ഡിപ്ലോമ കോഴ്സുകളിലേക്കാണ് തുടർപഠന സഹായം ലഭ്യമാക്കുന്നത്. എംജിഎം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂർ ക്യാമ്പസുകളിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പഠനത്തിന് സൗകര്യമൊരുക്കുന്നത്.

ALSO READ- ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം നമസ്‌കരിച്ച് പ്രധാനമന്ത്രി; പാർലമെന്റിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം; തൊഴിലാളികളെ ആദരിച്ചു

പലപ്പോഴും വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടർപഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങൾ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് ‘വിദ്യാമൃത’ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തിലെ തന്നെ മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന് പേരെടുത്ത എംജിഎമ്മിൽ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ കണ്ടെത്തുന്ന സമർഥരായ വിദ്യാർഥികൾക്ക് തുടർപഠനസൗകര്യമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ.ഗീവർഗീസ് യോഹന്നാൻ പറഞ്ഞു.

Exit mobile version