ഗൾഫിൽ നിന്നെത്തിയത് ഇന്നലെ രാത്രി; രാവിലെ കാട്ടുപന്നിയെന്ന് കരുതി ഓടിക്കാൻ ശ്രമിച്ചു; കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാമുവലിന് ദാരുണമരണം

അഞ്ചൽ: ഇന്നലെ രാത്രിയോടെ ഗൾഫിൽ നിന്നും വീട്ടിലെത്തിയതായിരുന്നു ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസും (64) ഭാര്യയും. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് മരണം കാട്ടുപോത്തിന്റെ രൂപത്തിലെത്തിയത്.

അപ്രതീക്ഷിതമായ കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാമുവൽ വർഗീസ് കൊല്ലപ്പെടുകയായിരുന്നു. മകളുടെ പ്രസവ ശുശ്രൂഷക്കായി കഴിഞ്ഞ മൂന്ന് മാസമായി സാമുവൽ വർഗീസും ഭാര്യയും ഗൾഫിലായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഇരുവരും നാട്ടിലെത്തിയത്.

സാമുവൽ രാവിലെ എഴുന്നേറ്റ ഉടനെ തന്നെ വീട്ടിനോട് ചേർന്നുള്ള റബർ തോട്ടത്തിലാണ് കാട്ടുപോത്ത് പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം കണ്ട റബർ ടാപ്പിങ് നടത്തുന്നയാൾ കാട്ടുപന്നിയാണെന്ന് ധരിച്ച് വിരട്ടിയോടിക്കാൻ സാമുവൽ വർഗീസിനെയും വിളിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കാട്ടുപോത്ത് ഇരുവർക്കും നേരെ അക്രമാസക്തനായി എത്തിയത്.

ALSO READ- വിവാഹസത്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം മലപ്പുറം മാറഞ്ചേരിയിൽ

ഈ സമയം പ്രാണരക്ഷാർത്ഥം റബർ മരത്തിൽ കയറിയതിനാൽ ടാപ്പിങ് തൊഴിലാളി രക്ഷപ്പെട്ടു. എന്നാൽ, ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സാമുവൽ വർഗീസിനെ പോത്ത് ആക്രമിച്ചു. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തി വീഴ്ത്തിയത്.

ഗുരുതര പരിക്കേറ്റ സാമുവലിനെ പരിസരവാസികൾ ഓടിയെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

അതേസമയം, രാവിലെ കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ മരിച്ചിരുന്നു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവമുണ്ടായത്.

വഴിയരികിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ, തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version