പ്രസവം കഴിഞ്ഞ് മടങ്ങവെ കെഎസ്ആർടിസി ബസ് മരണദൂതനായെത്തി, നവജാതശിശു ഉൾപ്പടെ മൂന്ന് മരണം; ബാലഭാസ്‌കർ അപകടത്തിൽപ്പെട്ടതും ഇതേ പള്ളിപ്പുറത്ത്

പോത്തൻകോട്: പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്ത് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് മൂന്ന് പേർക്ക് ദാരുണമരണം. നാലു ദിവസം പ്രായമുള്ള പെൺകുഞ്ഞും മുത്തശ്ശിയും ഉൾപ്പെടെ 3 പേരാണ് മരിച്ചത്. ദമ്പതികൾക്കും 4 വയസ്സുള്ള മൂത്ത കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു.

കല്ലമ്പലം മണമ്പൂർ നാലുമുക്ക് കാരൂർക്കോണത്ത് പണയിൽ വീട്ടിൽ ശോഭ(41), ഇവരുടെ മകൾ അനുവിന്റെ പിഞ്ചു കുഞ്ഞ്, മണമ്പൂർ കാരൂർക്കോണത്ത് വീട്ടിൽ ഓട്ടോ ഡ്രൈവർ സുനിൽ(40) എന്നിവരാണു മരിച്ചത്. മണമ്പൂർ സ്വദേശി മഹേഷ്, ഭാര്യ അനു, മകൻ മിഥുൻ(4) എന്നിവർക്കാണു പരുക്കേറ്റത്. മിഥുന്റെ രണ്ടു കാലുകൾക്കും പരുക്കുണ്ട്. ദമ്പതികളെ മെഡിക്കൽ കോളജിലും മിഥുനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 നായിരുന്നു അപകടം.

പ്രസവാനന്തരം എസ്എടി ആശുപത്രിയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസിടിക്കുകയായിരുന്നു.

അതേസമയം, മൂന്നുപേരുടെ ദാരുണ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നിൽ കെഎസ്ആർടിസി ബസിന്റെ അമിതവേഗവും അശ്രദ്ധയുമെന്ന് നാട്ടുകാരും പറയുന്നു. പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്ത് ഈ സ്ഥലം സ്ഥിരം അപകടമേഖലയാണെന്ന പരാതിയുമുണ്ട്. എട്ട് വർഷം മുൻപ് കെഎസ്ആർടിസി ബസിടിച്ച് അമ്മയും മകളും മരിച്ചതും ഇവിടെയാണ്.

ALSO READ- എരുമേലിയില്‍ കാട്ടുപോത്തിന്റെ ആക്രമണം, 65കാരന് ദാരുണാന്ത്യം, ഒരാളുടെ നില ഗുരുതരം

കൂടാതെ നിരവധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടായത്. പ്രമുഖ സംഗീത സംവിധായകനായിരുന്ന ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത് ഇന്നലെ അപകടമുണ്ടായ സ്ഥലത്തു നിന്നും കേവലം 500 മീറ്റർ അകലെയായിരുന്നു.

കണിയാപുരം ജംക്ഷൻ കഴിഞ്ഞ് വരുമ്പോൾ ചെറിയ വളവും സമാന്തര പാതയും അടങ്ങിയ സ്ഥലമാണ് ഇത്. ഇവിടെ എത്തുമ്പോൾ വേഗത വർധിപ്പിക്കുന്ന പ്രവണത ഡ്രൈവർമാർക്കുണ്ട്. അപകട മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും ഡ്രൈവർമാർ വകവയ്ക്കാറില്ലെന്നും നാട്ടുകാർ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് ഇന്നലെ രാത്രി മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തുകയും ചെയ്തു.

Exit mobile version