തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടി!15 ദിവസത്തിനകം തന്ത്രി മറുപടി നല്‍കണം; എ പത്മകുമാര്‍

തിരുവനന്തപുരം: യുവതീ പ്രവേശനത്തിന് പിന്നാലെ നടയടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവരോട് വിശദീകരണം ചോദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ദേവസ്വം ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എ പത്മകുമാര്‍.

തന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ച പ്രസിഡന്റ് , 15 ദിവസത്തിനകം തന്ത്രിയോട് വിശദീകരണത്തിന് മറുപടി ആവശ്യപ്പെടുമെന്നും പറഞ്ഞു. ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നിലപാട് സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്ക് ചേരാത്ത നടപടിയാണ്. ഇത് കോടതി അലക്ഷ്യമാണ്. ഇക്കാര്യം വിശദമാക്കി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ മറുപടി കേട്ടതിന് ശേഷം ബാക്കി നടപടിയെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. സുപ്രീം കോടതി വിധി അനുസരിക്കാന്‍ ബോര്‍ഡിന് ബാധ്യസ്ഥതയുണ്ട്. അത് അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യൂ എന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് പിന്നാലെ നടയടച്ച തന്ത്രി ശുദ്ധിക്രിയ നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. വിഎസ് സുനില്‍ കുമാര്‍ തന്ത്രി രാജി വയ്ക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.

Exit mobile version