ആദ്യം കര്‍ഷകരുടെ പ്രശ്‌നത്തിന് പരിഹാരം കാണൂ, എന്നിട്ടാകാം രാമക്ഷേത്ര നിര്‍മ്മാണം; യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: അയോധ്യ വിഷയം പറ്റുമെങ്കില്‍ തങ്ങള്‍ക്ക് വിട്ടു തരൂ 24 മണിക്കൂറിനുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നത്തിന് ആദ്യം പരിഹാരം കാണു എന്നിട്ടാകാം അയോധ്യ കേസ് എന്ന് അഖിലേഷ് പറഞ്ഞു.

‘ജനങ്ങള്‍ അദ്ദേഹത്തിന് 90 ദിവസങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത്. കാലികള്‍ കൃഷി നശിപ്പിക്കുന്നതിനെതിരെ എന്തെങ്കിലും ചെയ്യൂ. ആദ്യം കര്‍ഷകരെ രക്ഷിക്കൂവെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സംസ്ഥാനത്ത് മേഞ്ഞു നടക്കുന്ന കാലികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അഖിലേഷിന്റെ പ്രസ്താവന.

ആദിത്യനാഥിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് എഐഎംഐഎം പ്രസിഡന്റ് അസസുദ്ദീന്‍ ഒവൈസിയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘ഭരണഘടനയെയും നിയമവ്യവസ്ഥയേയും തകര്‍ത്തു കൊണ്ട് നിങ്ങള്‍ക്ക് രാമക്ഷേത്ര നിര്‍മ്മാണം ഒരു മണിക്കൂറിനുള്ളില്‍ നടത്താന്‍ കഴിയുമെന്ന് എനിക്കുറപ്പാണ്. നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യുന്ന രീതി അതാണ്. എന്നാല്‍ ഭാഗ്യകരമെന്ന് പറയട്ടെ, രാജ്യത്ത് അംബേദ്കറിന്റെ ഭരണഘടനയ്ക്ക് ഇന്നും പ്രസക്തിയുണ്ട്, അതിന്നും ആഘോഷിക്കപ്പെടുന്നുവെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം.

Exit mobile version