രാംലല്ലയ്ക്ക് മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത വസ്ത്രം: രാമനവമി ആഘോഷത്തിന് ഒരുങ്ങി അയോധ്യ

ലക്‌നൗ: അയോധ്യയില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷത്തിന് ഒരുങ്ങിയിരിക്കുകയാണ് അയോദ്ധ്യ. രാമക്ഷേത്രത്തില്‍ രാമനവമിയോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളും നടക്കുന്നുണ്ട്. വൈഷ്ണവ ചിഹ്നമുള്ള പ്രത്യേക വസ്ത്രങ്ങള്‍ രാംലല്ലയെ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

മയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേര്‍ത്ത വസ്ത്രമാണ് രാംലല്ലയെ ധരിപ്പിക്കുന്നതെന്ന് ട്രസ്റ്റ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇത്തരത്തിലൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്ന് വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുമെന്നും ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് എക്‌സിലൂടെ അറിയിച്ചു.

ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രില്‍ 9 മുതല്‍ രാമനവമിയായ ഏപ്രില്‍ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. ഖാദി കോട്ടണ്‍ തുണിയിലാണ് ചിത്രങ്ങള്‍ തുന്നിച്ചേര്‍ക്കുന്നത്. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി ആഘോഷം.

Exit mobile version