90ാം വയസ്സില്‍ അയോധ്യയില്‍ ഭരതനാട്യമാടി വൈജയന്തിമാല; പ്രായത്തിനെ തോല്‍പ്പിച്ച ചുവടുകള്‍ക്ക് കൈയ്യടിച്ച് ആരാധകലോകം

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടര്‍ച്ചയായി 27-ാം തീയതി മുതല്‍ രാഗ സേവ എന്ന പേരില്‍ കലാപ്രകടനങ്ങള്‍ നടക്കുകയാണ്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ രാഗ സേവ നടത്തുന്നുണ്ട്. ഇക്കൂട്ടത്തില്‍ പ്രശസ്ത നടിയും നര്‍ത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. 90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

ഈ വര്‍ഷത്തെ പദ്മ പുരസ്‌കാരങ്ങളില്‍ വൈജയന്തിമാല പദ്മ വിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹയായിരുന്നു. നേരത്തേ പദ്മശ്രീ, കലൈമാമണി, സംഗീത നാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. പ്രായത്തിന്റെ വെല്ലുവിളികളെ തോല്‍പ്പിച്ചുകൊണ്ടുള്ള വൈജയന്തിമാലയുടെ ഭരതനാട്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ അധികസമയമൊന്നും വേണ്ടി വന്നില്ല. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.

ചുവന്ന സാരിയില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന നടി നൃത്തം ആസ്വദിച്ച് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് നിറയുന്നത്. ‘ഭക്തിയുടെ ശക്തിയാണ് ‘ ഈ പ്രായത്തിലും അവരെ അയോധ്യയില്‍ നൃത്തം ചെയ്യിപ്പിച്ചത് എന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചിരിക്കുന്നത്.

Exit mobile version