സന്ദീപിന്റെ കാല് പിടിച്ചുവലിച്ച് വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു; ശ്വാസകോശത്തിന് കുത്തേറ്റത് അറിഞ്ഞില്ല, രക്ഷിച്ചപ്പോൾ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു: ഡോ. ഷിബിൻ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ പ്രതി ആക്രമിച്ചപ്പോൾ പോലീസ് നിരായുധരായിരുന്നെന്ന് ദൃക്‌സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിൻ. വന്ദനയ്ക്ക് ശ്വാസ കോശത്തിന് കുത്തേറ്റതായി ആദ്യം അറിയില്ലായിരുന്നുവെന്ന് ഡോ. മുഹമ്മദ് ഷിബിൻ പ്രതികരിച്ചു.

ആക്രമണം നടക്കുമ്പോൾ സന്ദീപിന്റെ കാലിൽ പിടിച്ച് വലിച്ചാണ് താൻ വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ശ്വാസ കോശത്തിന് കുത്തേറ്റ കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.

സന്ദീപിനെ പരിക്കേറ്റ് ആദ്യം തന്റെയടുത്താണ് എത്തിച്ചത്. കൊണ്ടുവന്ന സമയത്ത് പ്രശ്‌നമുണ്ടായിരുന്നില്ല. പതിനഞ്ച് മിനിറ്റിന് ശേഷമാണ് പ്രകോപിതനായത്. ബഹളം കേട്ട് ഡ്രസിംഗ് റൂമിന് സമീപത്തേക്ക് എത്തിയപ്പോൾ സന്ദീപ് പോലീസുദ്യോഗസ്ഥനെ കുത്തുന്നതാണ് കണ്ടത്. ഈ സമയത്ത് പോലീസ് ഉദ്യോഗസ്ഥർ നിരായുധരായിരുന്നുവെന്നും ഡോ. മുഹമ്മദ് ഷിബിൻ വിശദമാക്കി.

ALSO READ- ഭർത്താവ് ഉപദ്രവിക്കുന്നതിന് കാരണം അമ്മായിയമ്മയെന്ന് സംശയം; ഇരുട്ടിൽ ആൺവേഷത്തിലെത്തി കാൽ തല്ലിയൊടിച്ച് മരുമകൾ; ഒടുവിൽ പ്രതിയെ പൊക്കി പോലീസ്

നിലത്തിരുന്ന് വന്ദനയെ കുത്തുകയായിരുന്ന പ്രതിയുടെ കാലിൽ പിടിച്ച് വലിച്ച് വന്ദനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. പ്രതിയുടെ കൈയ്യിൽ നിന്നും രക്ഷപ്പെടുത്തുന്ന സമയം വന്ദനക്ക് ബോധമുണ്ടായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി പോലീസ് മൊഴിയെടുത്തു. എന്നാൽ, സന്ദീപ് കത്രിക കൈക്കലാക്കിയതെങ്ങനെയാണെന്ന് അറിയില്ലെന്നും ഷിബിൻ പറഞ്ഞു.

ഇതിനിടെ വന്ദന കൊലക്കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. പ്രതിയിൽ നിന്നും പിടിച്ചെടുത്ത ഫോൺ പ്രാഥമികമായി പരിശോധിച്ചതിലൂടെ സന്ദീപിന്റെ ലഹരി ഉപയോഗത്തെ കുറിച്ച് സൂചനകളില്ല.

അക്രമത്തിന് തൊട്ടു മുമ്പ് ഡ്രസിംഗ് റൂമിൽ പ്രതി പകർത്തിയ ദൃശ്യങ്ങൾ ആർക്കാണ് അയച്ചതെന്നും കണ്ടെത്താനായില്ല. വാട്‌സ്ആപ്പിൽ സുഹൃത്തിന് വീഡിയോ അയച്ച ശേഷം സന്ദീപ് ഇത് ഡിലീറ്റ് ചെയ്‌തെന്നാണ് പോലീസ് പറയുന്നത്

Exit mobile version