താനൂര്‍ ബോട്ട് ദുരന്തം: അപകടമുണ്ടാക്കിയത് രൂപമാറ്റം വരുത്തിയ മത്സ്യബന്ധന ബോട്ട്, ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്

മലപ്പുറം: താനൂര്‍ അപകടത്തില്‍ ബോട്ട് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്. താനൂര്‍ സ്വദേശി നാസറിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. സംഭവശേഷം ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിനോദ സഞ്ചാര ബോട്ടല്ല, മോഡിഫൈ ചെയ്ത ഫിഷിങ് ബോട്ടാണ് അപകടമുണ്ടാക്കിയത്.

ബോട്ടിന് ഫിറ്റ്നസ് സര്‍വീസ് ലഭിച്ച കാര്യത്തില്‍ അടക്കം പോലീസ് പരിശോധന നടത്തും. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്.

അതേസമയം അപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരുടെ നില ഗുരുതരമാണ്. ഹസ്‌ന (18), സഫ്‌ന (7), ഫാത്തിമ മിന്‍ഹ(12), സിദ്ധിക്ക് (35), ജല്‍സിയ(40), അഫ്‌ലഹ് (7), അന്‍ഷിദ് (10), റസീന, ഫൈസാന്‍ (4), സബറുദ്ധീന്‍ (38), ഷംന (17), ഹാദി ഫാത്തിമ (7), സഹറ, നൈറ, സഫ്‌ല ഷെറിന്‍, റുഷ്ദ, ആദില ശെറി, അയിഷാബി, അര്‍ഷാന്‍, അദ്‌നാന്‍, സീനത്ത് (45 ), ജെറിര്‍ (10) എന്നിവരുടെ മൃതശരീരങ്ങളാണ് ലഭിച്ചത്. മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. മൂന്ന് കുട്ടികള്‍ അടക്കം പത്ത് പേര്‍ ചികിത്സയിലുണ്ട്. പലരും വെന്റിലേറ്ററിലാണ്. ആയിഷ (5), മുഹമ്മദ് അഫ്രാദ് (5), അഫ്താഫ് (4), ഫസ്ന (19), ഹസീജ (26), നുസ്രത് (30), സുബൈദ (57) എന്നിവരാണ് ചികിത്സയിലുള്ളത്. മൂന്ന് പേരുടെ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായി. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സാധാരണ യാത്രാ ബോട്ടുകള്‍ സര്‍വീസ് നടത്താറില്ല.

എന്നാല്‍ അപകടത്തില്‍പ്പെട്ട ബോട്ട് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് യാത്ര തിരിച്ചത്. ബോട്ടില്‍ എത്ര യാത്രക്കാരാണ് ഉണ്ടായിരുന്നത് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിട്ടില്ല. 40 ടിക്കറ്റുകളെങ്കില്‍ വിറ്റിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം കൃത്യമായി അറിയാത്തതിനാല്‍ തന്നെ ഇനി ആരെയെങ്കിലും കണ്ടെത്താനുണ്ടോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ അടക്കമുള്ള ക്രമീകരണങ്ങളും ഉണ്ടായിരുന്നില്ല.

Exit mobile version