എത്ര വലിയ താരമായാലും മാറ്റി നിര്‍ത്തും: ലഹരി ഉപയോഗിക്കുന്നവരെ സെറ്റിന് ആവശ്യമില്ല; ലൊക്കേഷനിലേക്ക് ഷാഡോ പോലീസിനെ സ്വാഗതം ചെയ്ത് സുരേഷ് കുമാര്‍

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന പോലീസ് തീരുമാനത്തെ സ്വാഗതം ചെയ്ത് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ലഹരി ഉപയോഗമുണ്ടെന്ന പരാതിയിലാണ് പോലീസ് നടപടി.

ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ ഷൂട്ടിങ് സെറ്റിന് ആവശ്യമില്ലെന്നും
സുരേഷ് കുമാര്‍ പറഞ്ഞു. പോലീസിന്റെ പക്കല്‍ ലഹരി ഉപയോഗിക്കുന്ന സിനിമാക്കാരുടെ പട്ടികയുണ്ടെന്നും അതുകൊണ്ട് നടപടി എടുക്കാമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

‘ലഹരിയുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. എത്ര വലിയ ആര്‍ട്ടിസ്റ്റായാലും ലഹരി ഉപയോഗിച്ചാല്‍ മാറ്റി നിര്‍ത്തും. ഇക്കാര്യം ‘അമ്മ’യുമായി ഒക്കെ ആലോചിച്ചെടുത്ത തീരുമാനമാണ്. പോലീസിന്റെ സാന്നിധ്യം ചിത്രീകരണത്തെ ബാധിക്കില്ല. പോലീസ് ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരെ സെറ്റിന് ആവശ്യമില്ല- സുരേഷ് കുമാര്‍ പറഞ്ഞു.

ലഹരി ആരൊക്കെ ഉപയോഗിക്കുമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സുരേഷ് കുമാര്‍ പറയുന്നു. ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചാല്‍ അവര്‍ക്ക് കൊള്ളാം. ശുദ്ധീകരണം ആവശ്യമാണ്. ഇപ്പോള്‍ കൈവിട്ട അവസ്ഥയാണ്. ജോലി ചെയ്ത് ശമ്പളം വാങ്ങി പോണം. സിനിമാ സെറ്റ് ലഹരി ഉപയോഗിക്കാനുള്ള സ്ഥലമല്ല. ലഹരി ഉപയോഗിച്ച് തോന്നിവാസം കാണിക്കാനുള്ള സ്ഥലമല്ലിത്.

പോലീസിനും സര്‍ക്കാരിനും വേണ്ടുന്ന പൂര്‍ണ പിന്തുണ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും. സെറ്റിലും കാരവാനിലും വന്നിരുന്ന് ലഹരി ഉപയോഗിച്ചിട്ട് പ്രശ്നമുണ്ടാക്കുന്ന ആളുകളെ സിനിമയ്ക്ക് ആവശ്യമില്ല, സുരേഷ് കുമാര്‍ വ്യക്തമാക്കി.

സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗമുണ്ടെന്ന പരാതിയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമന്‍ അറിയിച്ചിരുന്നു. ലൊക്കേഷനുകളില്‍ ഷാഡോ പോലീസിന്റെ സാന്നിധ്യമുണ്ടാകുമെന്നും നിയമലംഘകര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version