വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍ക്കുന്നുവെന്ന് ആരോപണം; നാട്ടുകാര്‍ കട അടിച്ചു തകര്‍ത്തു, സംഭവം കണ്ണൂരില്‍

പല തവണ എക്‌സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു.

കണ്ണൂര്‍: പയ്യന്നൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍ക്കുന്നുവെന്ന് ആരോപിച്ച് യുവാവിന്റെ കട അടിച്ചു തകര്‍ത്തു നാട്ടുകര്‍. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വില്‍പ്പന നടത്തിയിരുന്നത്. പല തവണ എക്‌സൈസ് ഇവിടെ നിന്ന് ലഹരി പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാത്രി സംഘടിച്ചെത്തിയ നാട്ടുകാര്‍ മുരളിയുടെ പലചരക്കുകട അടിച്ചു തകര്‍ക്കുകയായിരുന്നു. സാധനങ്ങള്‍ എടുത്ത് പുറത്തിട്ട്, കടയ്ക്ക് താഴിട്ടു. നേരത്തെ ഈ കടയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുവെന്ന് വ്യാപക പരാതിയുണ്ടായിരുന്നു.

അതേസമയം, കട പൂട്ടിക്കാന്‍ എക്‌സൈസ് നഗരസഭയ്ക്ക് നോട്ടീസും നല്‍കിയിരുന്നു. പിടികൂടിയപ്പോഴെല്ലാം കുറഞ്ഞ തുക പിഴയടച്ച് കടയുടമ തടിയൂരി. പ്രദേശത്തെ പൊതുപ്രവര്‍ത്തകരും കട ഉടമയ്ക്ക് പല തവണ മുന്നറിയിപ്പും നല്‍കി. എന്നാല്‍ കഴിഞ്ഞ ദിവസവും എക്‌സൈസ് പരിശോധനയില്‍ കടയില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടി. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്.

Exit mobile version