ഹെൽമറ്റില്ലാതെ ‘കാർ ഓടിച്ച’ സാലിക്ക് ആശ്വാസം; ഒടുവിൽ പിഴ വേണ്ടെന്ന് എംവിഡി; ഒത്തുതീർപ്പാക്കി ഉദ്യോഗസ്ഥർ

മലപ്പുറം: ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെന്ന് കാണിച്ച് കാർ യാത്രികന് പിഴയിട്ട സംഭവത്തിൽ ഒടുവിൽ മലക്കം മറിഞ്ഞ് മോട്ടോർ വാഹന വകുപ്പ്. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാൻ നോട്ടീസ് ലഭിച്ചിരുന്നത്. തുടർന്ന് സാലി നേരിട്ട് മോട്ടോർവാഹന ഉദ്യോഗസ്ഥരെ കണ്ടതോടെ അബദ്ധം തിരുത്തി പിഴയൊടുക്കേണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ഉദ്യോഗസ്ഥർ

KL 55 V 1610 എന്ന നമ്പറിലുള്ള വാഹനത്തിൽ ബാവപ്പടിയിലൂടെ ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതിന് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സാലിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. എന്നാൽ, സാലിയുടെ കൈയ്യിലുള്ളത് ഈ നമ്പറിലുള്ള ഒരു ആൾട്ടോ കാറാണ്.

കൂടാതെ, നിയമലംഘനം നടന്നെന്ന് നോട്ടീസിൽ പറയുന്ന ബാവപ്പടിയിലൂടെ സാലി അന്നേദിവസം യാത്രചെയ്തിട്ടുമില്ല. ഇതോടെ സത്യാവസ്ഥ അന്വേഷിച്ചിറങ്ങിയ സാലി മോട്ടോർ വാഹന വകുപ്പിനെ തെറ്റ് ബോധ്യപ്പെടുത്തുകയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ തെറ്റ് തിരുത്തി ഒത്തുതീർപ്പിലെത്തിയിരിക്കുന്നത്.

ALSO READ- ലൈഫ് മിഷൻ പണികഴിപ്പിച്ച 20,073 വീടുകൾ കൂടി ഭവനരഹിതർക്ക് സമർപ്പിക്കാൻ സർക്കാർ; ഇതുവരെ പൂർത്തിയാക്കിയത് 3,42,156 വീടുകളുടെ നിർമ്മാണമെന്ന് മുഖ്യമന്ത്രി

രണ്ട് യുവാക്കൾ ബൈക്കിൽ ഹെൽമെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ദൃശ്യം റോഡിലെ ക്യാറമയിൽ പതിഞ്ഞപ്പോൾ വാഹന നമ്പർ തെറ്റിയതാകാം പിഴവിന് കാരണമെന്നാണ് മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നത്.

Exit mobile version