പ്രധാനമന്ത്രി മോഡിയുടെ കേരളാ സന്ദശനം: കൊച്ചിയിൽ കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ; നഗരത്തിൽ 2000 പോലീസുകാരെ വിന്യസിച്ചു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശനത്തിന് എത്തുന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരിക്കുന്നത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാർ ഉൾപ്പടെയുള്ള നേതാക്കൾ കരുതൽ തടങ്കലിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന.

ഇതിനോടകം, പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 2000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പ്രധാനമന്ത്രി കൊച്ചിയിലെത്തും.

പ്രധാനമന്ത്രി നാവികസേന വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയതിന് ശേഷം അദ്ദേഹം, തേവര സേക്രഡ്ഹാർട്ട് കോളേജിലേക്ക് പോകും. പെരുമാന്നൂർ ജങ്ഷൻമുതൽ തേവര കോളേജുവരെ റോഡ്‌ഷോയായാണ് പ്രധാനമന്ത്രി യാത്ര ചെയ്യുക. കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം-23 പരിപാടിയാണ് മുഖ്യമായും പ്രധാനമന്ത്രി സംബന്ധിക്കുന്ന ചടങ്ങ്.

ALSO READ- കോപ്പിയടിച്ചതോ വാഴക്കുല മോഷ്ടിച്ചതോ അല്ല: നേരിനൊപ്പം നിന്ന് തോല്‍ക്കുന്നതാണ് ഇഷ്ടം; വിമര്‍ശകരോട് ജോയ് മാത്യു

പിന്നീട്, ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി രാവിലെ 10.30-ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് തീവണ്ടി ഫ്‌ളാഗ്ഓഫ് ചെയ്യും. 11 -ന് സെൻട്രൽ സ്റ്റേഡിയത്തിൽ കൊച്ചി വാട്ടർമെട്രോ അടക്കം 3200 കോടിയുടെ വികസനപദ്ധതികളുടെ സമർപ്പണവും ശിലാസ്ഥാപനവും നിർവഹിച്ചായിരിക്കും മടക്കം.

Exit mobile version