കാസർകോട് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം; രോഗിയെ ചുമന്ന് താഴെയെത്തിച്ചത് ചുമട്ടുതൊഴിലാളികൾ; സംഭവം ലിഫ്റ്റ് തകരാർ കാരണം

കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ദുരിതം. ലിഫ്റ്റ് തകറാറിലായതിനെ തുടർന്ന് അവശരായ രോഗികൾ ഉൾപ്പടെ ദുരിതത്തിലായി. ഇതിനിടെ, ആറാം നിലയിൽ നിന്ന് രോഗിയെ സ്‌ട്രെച്ചറിൽ ചുമന്ന് താഴെ ഇറക്കിയ സംഭവം വലിയ പ്രതിഷേധത്തിന് കാരണമാവുകയാണ്. ചുമട്ട് തൊഴിലാളികളാണ് രോഗിയെ ചുമന്ന് താഴെയിറക്കിയത്. ലിഫ്റ്റ് പ്രവർത്തന രഹിതമായിട്ട് ഒരു മാസമായിട്ടും ഒരു നടപടിയും പ്രശ്‌നപരിഹാരത്തിന് കൈക്കൊണ്ടിട്ടില്ല.

ഓട്ടോ ഡ്രൈവറായ രോഗിയെ ജനറൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ, ലിഫ്റ്റ് തകരാറിലായതിനാൽ താഴെ എത്തിക്കാൻ മാർഗമില്ലാതായി. ഇതോടെയാണ് ബന്ധുക്കൾ ചുമട്ട് തൊഴിലാളികളെ സമീപിച്ചത്. ബിഎംഎസ് തൊഴിലാളികൾ ആറാം നിലയിൽ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിക്കുകയായിരുന്നു.

ഡിസ്ചാർജ് ചെയ്തിട്ടും ലിഫ്റ്റ് ശരിയാകാനായി രണ്ട് ദിവസം കൂടി രോഗിയുടെ ബന്ധുക്കൾ കാത്തിരുന്നു. ഒടുവിൽ മറ്റൊരു വഴിയുമില്ലാതെയാണ് ലിഫ്റ്റ് ശരിയാകില്ലെന്ന് അറിഞ്ഞതോടെ രോഗിയുടെ ബന്ധുക്കൾ ചുമട്ട് തൊഴിലാളികളുടെ സഹായം തേടിയത്.

അതേസമയം, എമർജൻസി സേവനങ്ങളായ ഓപ്പറേഷൻ തീയറ്റർ, ഐസിയു, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ അഞ്ച്, ആറ് നിലകളിലാണ്. ആശുപത്രിയിൽ റാമ്പ് സംവിധാനം ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും മാറ്റുന്നതുമെല്ലാം ചുമന്ന് കൊണ്ടാണ്.

also read- പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്ത്: വ്യക്തി വൈരാഗ്യം തീർക്കാൻ; കാറ്ററിംഗ് ഉടമയായ പ്രതി പിടിയിൽ

ഇതിനിടെ, ലിഫ്റ്റ് തകരാർ പരിഹരിക്കാത്തത് ആശുപത്രി സൂപ്രണ്ടിന്റെ അനാസ്ഥ മൂലമാണെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു. നാല് ലക്ഷം രൂപയാണ് ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയത് രണ്ടാഴ്ചയെങ്കിലുമെടുക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇനിയും രോഗികൾ ദിവസങ്ങളോളം പടികൾ കയറി ഇറങ്ങണമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.

Exit mobile version