80 കോടിയുടെ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കടത്തി; അതാണ് തട്ടിക്കൊണ്ടുപോയത്; രക്ഷിക്കണം: പ്രവാസി യുവാവ് ഷാഫിയുടെ വീഡിയോ പുറത്ത്

കോഴിക്കോട്: ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടേതായി പുറത്തെത്തിയിരിക്കുന്നത്.

സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വിഡിയോയിൽ വ്യക്തമാക്കുന്നില്ല.

‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല.’- എന്ന് ഷാഫി പറയുന്നു.

‘അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’എന്നാണ് ഷാഫി പറയുന്നത്. അതേസമയം, ഇത് ഷാഫിയെ തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്നു കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ- മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സമ്പാദ്യം മുഴുവൻ നൽകി; മനുഷ്യസ്‌നേഹിയായ ബീഡി തൊഴിലാളി ചാലാടൻ ജനാർദ്ദനൻ വിടവാങ്ങി

ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിടുകയായിരുന്നു.

സംഭവം നടന്ന ആറു ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു.

Exit mobile version