ചാലക്കുടി പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ പ്രതി ട്രാൻസ്‌ഫോർമറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷോക്കേറ്റ് വീണ് ഗുരുതരാവസ്ഥയിൽ

തൃശൂർ: തൃശൂർ ചാലക്കുടിയിൽ പോലീസ് കസ്റ്റഡിൽ എടുത്ത യുവാവ് പോലീസ് സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടി ഷോക്കേറ്റ് വീണു. പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിയ യുവാവ് ആത്മഹത്യ ചെയ്യാനായി ഓടി ട്രാൻസ്‌ഫോർമറിൽ കയറി വൈദ്യുതലൈനിൽ പിടിക്കുകയായിരുന്നു. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത ഷാജി എന്ന യുവാവാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടി ട്രാൻസ്ഫോർമറിൽ കയറിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മദ്യപിച്ച് ബഹളംവെച്ചതിനെ തുടർന്ന് ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇയാൾ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി സ്ഥലത്തെ ട്രാൻസ്ഫോർമറിൽ കയറി വൈദ്യുത ലൈനിൽ തൊടാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനിടയിൽ ലൈനിൽ നിന്ന് വൈദ്യതാഘാതമേറ്റ് ഷാജി റോഡിലേക്ക് വീണു.

മദ്യലഹരിയിലായിരുന്നു ഷാജി എന്നാണ് പോലീസ് പറയുന്നത്. വൈദ്യുതാഘാതമേറ്റുള്ള വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നിലവിൽ ഇയാൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

also read- ‘അരിക്കൊമ്പനാണെന്ന് വിചാരിച്ച് ബിജെപി പിടിച്ചത് കുഴിയാനയെ’; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെ സുധാകരന്‍

അതേസമയം, ഷാജിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, പ്രതി സ്റ്റേഷനിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Exit mobile version