ഭര്‍ത്താവ് വിവാഹത്തിന് ഇട്ട മാല കളഞ്ഞുപോയി: പരാതിയുമായെത്തിയ വയോധികയ്ക്ക് പുതിയ മാല സമ്മാനിച്ച് ഒറ്റപ്പാലത്തെ പോലീസുകാര്‍; നന്മ കാഴ്ച എസ്‌ഐ വിരമിക്കുന്ന ദിനത്തില്‍

ഒറ്റപ്പാലം: വെറും ജനമൈത്രി അല്ല, ജനങ്ങളുടെ മനസ് അറിയുന്നവരാണ് കേരള പോലീസ്. എന്തു ആശ്യത്തിനും പോലീസിന്റെ അടുത്ത്് ഓടി എത്താം എന്നത് സത്യമാണ്. അക്കാര്യം വീണ്ടും ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

സ്വര്‍ണമാല നഷ്ടപ്പെട്ട വയോധികയ്ക്ക് പുതിയ മാല വാങ്ങി നല്‍കിയാണ് പോലീസുകാര്‍ മാതൃകയായത്. മാല സമ്മാനിച്ചത് ആ പരാതി അന്വേഷിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എസ്‌ഐ. ഗോവിന്ദപ്രസാദുമാണ്. മാത്രമല്ല ഗോവിന്ദപ്രസാദ് വിരമിക്കുന്ന അതേ ദിവസം തന്നെയാണ് സ്‌നേഹസമ്മാനം നല്‍കിയത്.

രണ്ടു വര്‍ഷം മുമ്പാണ് തന്റെ ഒന്നര പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടെന്ന പരാതിയുമായി പഴമ്പാലക്കോട് സ്വദേശിനിയായ വയോധിക സ്റ്റേഷനിലെത്തിയത്. 2021 ഫെബ്രുവരിയിലാണ് അവര്‍ക്ക് മാല നഷ്ടമായത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എക്സ്റേ എടുക്കാന്‍ എത്തിയതായിരുന്നു അവര്‍. അതിന് മുമ്പായി മാല അഴിച്ചുവെച്ചു. പേഴ്സിലാണോ പുറത്താണോ വെച്ചത് എന്ന് അവര്‍ മറന്നുപോയി. മാല കാണാതായതോടെ പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.

ഭര്‍ത്താവ് കല്ല്യാണസമയത്ത് ഇട്ട മാലയാണ് എന്നത് മാത്രമാണ് അവര്‍ക്ക് അറിയാമായിരുന്നത്. എങ്ങനെ നഷ്ടപ്പെട്ടു എന്ന് അറിയാത്തതിനാല്‍ കേസ് എടുക്കാനും പറ്റാത്ത അവസ്ഥയായി. മാല കിട്ടുമെന്ന പ്രതീക്ഷ അവര്‍ അപ്പോഴും കൈവിട്ടില്ല. അധിക ദിവസങ്ങളിലും പോലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ അന്വേഷിക്കും.

അതിനിടയില്‍ 2021 സെപ്റ്റംബറിലാണ് എടത്തറ സ്വദേശിയായ എസ്ഐ ഗോവിന്ദപ്രസാദ് ഒറ്റപ്പാലം സ്റ്റേഷനില്‍ ജോലിക്കെത്തുന്നത്. പിന്നീട് ഈ പരാതി അന്വേഷിച്ചിരുന്നത് ഗോവിന്ദപ്രസാദായിരുന്നു. അതിനിടയില്‍ വയോധിക എസ്പിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. അതിന്റെ സ്റ്റേറ്റ്മെന്റ് റെക്കോഡിനായി അവരെ വിളിപ്പിച്ചതും അന്വേഷിച്ചതുമെല്ലാം ഗോവിന്ദപ്രസാദാണ്.

‘അവരുടെ സങ്കടവും നിരാശയുമെല്ലാം കണ്ടപ്പോള്‍ എനിക്ക് വലിയ വിഷമമായി. ഞാന്‍ ഈ സങ്കടം സി.ഐയുമായി പങ്കുവെച്ചു. അപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് പൈസ സംഘടിപ്പിച്ച് പുതിയ മാല വാങ്ങി നല്‍കാം എന്ന്. എല്ലാവരും പിന്തുണ നല്‍കി.

അങ്ങനെ ഞാന്‍ വിരമിക്കുന്ന ദിവസവും പതിവുപോലെ അവര്‍ എന്നെ അന്വേഷിച്ച് എത്തി. മാല കിട്ടിയോ എന്ന് അറിയാനായിരുന്നു ആ വരവും. ഇതോടെ ആ മാല ഇന്നു തന്നെ കൊടുക്കാം എന്ന് സിഐ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു പവന്റെ മാല ജ്വല്ലറിയില്‍ പോയി വാങ്ങി. എന്നിട്ട് എന്നെ കൊണ്ട് കൊടുപ്പിക്കുകയായിരുന്നു. ആ സമയത്ത് ഒരുപാട് സന്തോഷം തോന്നി. ആ വയോധികയും അതേ മാനസികാവസ്ഥയിലായിരുന്നു.’ എന്നും എസ്‌ഐ പറയുന്നു.

Exit mobile version