ട്രാൻസ്മാൻ ആദം ഹാരിക്ക് ഇനി സ്വപ്‌നങ്ങളിലേക്ക് പറക്കാം; പൈലറ്റാകാൻ 25 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാകാൻ ഇനി ആദം ഹാരിക്ക് തടസങ്ങളില്ല. ആദം ഹാരിക്ക് പഠനത്തിനായി നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള തുകയും അധികമായി ആവശ്യമുള്ള തുകയും സാമൂഹികനീതി വകുപ്പാണ് അനുവദിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തിലെ ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് തുകയനുവദിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ: ‘വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഇതാ, ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,904 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.’

also read- രാഹുൽ ഗാന്ധിക്ക് അയോഗ്യത; സമരത്തിന് മുൻനിരയിൽ നിൽക്കാൻ വയനാട്ടിലെ കോൺഗ്രസുകാർ തമ്മിൽത്തല്ലി; മർദ്ദനം

‘ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.’

‘ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.’

Exit mobile version