ബജറ്റ് ദിനത്തിൽ വിളമ്പിയ ഊണിലെ മീൻകറി ചതിച്ചു; കായംകുളം നഗരസഭയിലെ ജീവനക്കാരും ജനപ്രതിനിധികളും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ

കായംകുളം: കായംകുളം നഗരസഭുടെ പ്രവർത്തനം പോലും അവതാളത്തിലാക്കി നഗരസഭയിലെ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ഭക്ഷ്യവിഷബാധ. നഗരസഭയിൽ ബജറ്റ് അവതരണദിവസം വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ച നൂറിലേറെപ്പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ജനപ്രതിനിധികൾ, നഗരസഭാ ജീവനക്കാർ, മാധ്യമപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് ഛർദിയും അതിസാരവും പിടിപെട്ട് കായംകുളം, മാവേലിക്കര ആശുപത്രികളിൽ ചികിത്സ തേടിയത്. നഗരസഭാധ്യക്ഷ, സെക്രട്ടറി എന്നിവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവരിൽപ്പെടുന്നു.

REPRESENTATIVE IMAGE

ഉച്ചയൂണിന് ഒപ്പം നൽകിയ മീൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു സംശയിക്കുന്നു. പഴകിയ മത്സ്യമാണ് കറിയിൽ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. നഗരസഭയിലെ ഒരു ജനപ്രതിനിധി ഏർപ്പെടുത്തിയ കാറ്ററിങ് സ്ഥാപനം എത്തിച്ച ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ALSO READ- ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവം; മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി

അതേസമയം, ഭക്ഷ്യവിഷബാധമൂലം ഇന്നലെ നഗരസഭയുടെ ഓഫിസ് പ്രവർത്തനവും താളംതെറ്റി. പകുതിയോളം ജീവനക്കാർ മാത്രമാണ് ഓഫിസിലെത്തിയത്. ബജറ്റ് ചർച്ച യുഡിഎഫ് ബഹിഷ്‌കരിച്ചതിനാൽ പ്രതിപക്ഷ കൗൺസിലർമാർ ഉച്ചഭക്ഷണം കഴിക്കാൻ എത്തിയിരുന്നില്ല. അതേസമയം,പഴകിയ മത്സ്യം നൽകിയ സ്ഥാപനത്തിൽ ഇതുവരെ പരിശോധന നടത്താത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version