‘എന്റെ നാലാമത്തെ കുട്ടിയാണ് നീ, എത്രവരെ വേണെലും പഠിപ്പിക്കാം, വീടുവച്ചുതരാം’: വീടില്ലാത്ത അമ്മയ്ക്കും കുഞ്ഞിനും സഹായവുമായി ഗണേഷ് കുമാര്‍ എംഎല്‍എ

കൊല്ലം: ‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും. എന്റെ സ്വപ്നത്തില്‍ ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു പിടിച്ച് ഗണേഷ് കുമാര്‍ എംഎല്‍എ.

സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഈ വാക്കുകള്‍. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ കൈത്താങ്ങായത്. പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിനൊപ്പം കുട്ടിക്ക് ഒരു വീടും എംഎല്‍എ ഉറപ്പുനല്‍കി.

നല്ല ഒരു വീട് വച്ചുനല്‍കാമെന്നും അവിടെ ഇരുന്ന് പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി തരുമെന്നും അര്‍ജ്ജുനോട് എംഎല്‍എ പറഞ്ഞു. സന്തോഷത്തില്‍ കരയുന്ന കുട്ടിയെ അദ്ദേഹം ആശ്വസിപ്പിക്കുന്നുണ്ട്. കുട്ടിയോട് നന്നായി പഠിക്കണമെന്ന് വീണ്ടും വീണ്ടും ചേര്‍ത്തുപിടിച്ച് പറയുന്നുമുണ്ട്. വീടു പണിക്കായി എല്ലാവരും ആത്മാര്‍ഥമായി ശ്രമിക്കണമെന്ന് കൂടെ നില്‍ക്കുന്ന നാട്ടുകാരെയും ജനപ്രതിനിധികളെയും ഓര്‍മിപ്പിക്കുന്നുമുണ്ട്.

Exit mobile version