വസ്തു അളക്കുന്നതിന് കൈക്കൂലി; പുനലൂരിലെ സർവേയറെ കൈയ്യോടെ പിടികൂടി വിജിലൻസ്

കൊല്ലം: അഞ്ചലിൽ വസ്തു അളക്കുന്നതുമായി ബന്ധപ്പെട്ട് 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട താലൂക്ക് സർവേയർ വിജിലൻസിന്റെ പിടിയിൽ. കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലിനെ വിജിലൻസ് പിടികൂടിയത്. 2000 രൂപ കൈക്കൂലി പണം വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

വസ്തു അളന്നു നൽകുന്നതുമായി ബന്ധപ്പെട്ട് കരവാളൂർ സ്വദേശിയോട് താലൂക്ക് സർവ്വേയറായ മനോജ് ലാൽ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ കൊല്ലം വിജിലൻസിനെ സമീപിച്ചു.

ശേഷം, വിജിലൻസ് നൽകിയ രണ്ടായിരം രൂപ അഞ്ചൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്തു വെച്ചു പരാതിക്കാരൻ മനോജ് ലാലിന് കൈമാറി. ഇതിനിടയിലാണ് വിജിലൻസ് മനോജ് ലാലിനെ പിടികൂടിയത്. പിടിയിലായ മനോജ് ലാൽ ജോയിന്റ് കൗൺസിൽ അഞ്ചൽ മേഖലാ സെക്രട്ടറി ആണ്.

ALSO READ- ഭർത്താവുമായി വേർപിരിഞ്ഞു, സ്വന്തം വീട്ടിൽ താമസമാക്കിയത് ഇഷ്ടമായില്ല; കോളേജ് അധ്യാപികയായ യുവതിയെ പിതാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വിജിലൻസ് സംഘം കൈക്കൂലി പണം പിടിച്ചെടുക്കുകയും മനോജ് ലാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലം വിജിലൻസ് ഡിവൈഎസ്പി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Exit mobile version