വിവാഹത്തിന് കിട്ടിയ 35 പവൻ പോര; പ്രസവിച്ച് കിടക്കുന്ന ഭാര്യയുടെ വീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും; കുമാരനെല്ലൂരിലെ അക്രമം കൂടുതൽ സ്വർണം ചോദിച്ച്

കുമാരനെല്ലൂർ: വിവാഹത്തിന് ഭാര്യ വീട്ടുകാർ നൽകിയ സ്ത്രീധനവും സ്വർണവും പോരായെന്ന് പറഞ്ഞ് ഭാര്യ വീട് അടിച്ചുതകർത്ത് യുവാവും ഗുണ്ടകളും. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് പ്രസവിച്ചു കിടക്കുന്ന ഭാര്യയുടെ വീട്ടിലെത്തി ഭർത്താവ് അതിക്രമം കാണിച്ചത്. തിരുവല്ല മുത്തൂർ സ്വദേശി സന്തോഷാണ് മൂന്ന് ഗുണ്ടകൾക്കൊപ്പം കുമാരനല്ലൂരിലെ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ വീടാണ് തകർത്തത്. സന്തോഷ് വീട്ടിലെത്തി മോശമായി പെരുമാറിയതിന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെയാണ് ഇയാൾ ഗുണ്ടകളുമായി സ്ഥലത്തെത്തി ഭാര്യയെ ഉൾപ്പടെ മർദ്ദിച്ചതും വീട് തകർത്തതും.

also read- ജോലി കൃഷിപ്പണിയും തൊഴിലുറപ്പും; മിച്ചംപിടിച്ച പണം കൊണ്ട് വയോജനങ്ങൾ പറന്നു ബംഗളൂരുവിലേക്ക്; സ്വപ്നം സാക്ഷാത്കരിച്ച് ഈ അറുപത് പേർ

ഒരു വർഷം മുൻപാണ് സന്തോഷ് വിജയകുമാരി അമ്മയുടെ മകളെ വിവാഹം ചെയ്തത്. വിവാഹത്തിന് മുപ്പത്തിയഞ്ച് പവൻ സ്വർണം നൽകിയെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷ് ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. തുടർന്ന് പ്രസവം കഴിഞ്ഞ് ഇരുപത്തിയേഴ് ദിവസം പിന്നിടുമ്പോഴാണ് സന്തോഷ് വീട്ടിലെത്തി ആക്രമിച്ചത്.

Exit mobile version