ബ്രഹ്‌മപുരത്തെ തണുപ്പിച്ച് മഴയെത്തി: ആദ്യ മഴയില്‍ ആസിഡ് സാന്നിധ്യം

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യമെന്ന് പല ശാസ്ത്രവിദഗ്ദ്ധരും വ്യക്തമാക്കി. ബ്രഹ്‌മപുരം ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് നഗരത്തില്‍ മഴ പെയ്യുന്നത്. രണ്ടാഴ്ചയോളം വിഷപ്പുക മൂടി നിന്ന നഗരത്തില്‍ പെയ്യുന്ന മഴ ആരോഗ്യത്തിന് നല്ലതായിരിക്കില്ലെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പല ആരോഗ്യവിദഗ്ദ്ധരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മഴയിലെ ആസിഡ് സാന്നിധ്യം ശാസ്ത്ര ചിന്തകന്‍ ആയ രാജഗോപാല്‍ കമ്മത്ത്
ലിറ്റ്മസ് ടെസ്റ്റിലൂടെ സ്ഥിരീകരിച്ച ചിത്രങ്ങളും സോഷ്യലിടത്ത് പങ്കുവച്ചു. ബ്രഹ്‌മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യമഴയില്‍ രാസ പദാര്‍ത്ഥങ്ങളുടെ അളവ് കൂടുതല്‍ ആയിരിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഗ്‌നിബാധയുണ്ടായ ബ്രഹ്‌മപുരത്തും നല്ല രീതിയില്‍ മഴ ലഭിച്ചത് അവിടെ ക്യാംപ് ചെയ്യുന്ന അഗ്‌നിരക്ഷാസേന അംഗങ്ങള്‍ക്ക് ആശ്വാസമായി. നല്ല രീതിയില്‍ ലഭിച്ച മഴ മറ്റൊരു അഗ്‌നിബാധയ്ക്കുള്ള സാധ്യത ഇല്ലാതാക്കുമെന്നതാണ് അവരുടെ പ്രതീക്ഷ.

കേരളത്തില്‍ വെളളിയാഴ്ച വരെ വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. വേനല്‍മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.

രാജഗോപാല്‍ കമ്മത്തിന്റെ പോസ്റ്റ്:
‘കൊച്ചിയിൽ പെയ്ത ആദ്യ വേനല്മഴത്തുള്ളികളിൽ ആസിഡ് സാന്നിധ്യം.ആസിഡ് മഴയെന്നാൽ മഴവെള്ളത്തിൽ ആസിഡിന്റെ അംശമുള്ളത് എന്നര്ഥം . പൂർണമായും ആസിഡല്ല പെയ്യുന്നത് എന്ന് മനസ്സിലാക്കുക. ഭയപ്പെടാനുള്ളതല്ല, ശാസ്ത്രത്തിലെ കണ്ടെത്തലുകൾ മനസ്സിലാക്കുക എന്നതാണ് ലക്‌ഷ്യം.

അന്തരീക്ഷ മാലിന്യമാണ് ഇതിനു കാരണം. ലോകത്തിന്റെ വിവിധയിടങ്ങളിൽ ആസിഡ് മഴ പെയ്യുന്നുണ്ട്. അതിന്നും ഹാനികരമായ നിലയിലല്ല. ഇത്തരം പ്രതിഭാസങ്ങൾ മനസ്സിലാക്കുകയും അതൊക്കെ ഒഴിവാക്കാനുള്ള കാര്യങ്ങൾ ചെയ്യുകയുമാണ് വേണ്ടത്. നേർത്ത അളവിൽ അമ്ല സാന്നിധ്യം നമ്മൾ കഴിക്കുന്ന ഭക്ഷ്യവസ്തുക്കളിലുമുണ്ട്. അതിനാൽ ആശങ്കപ്പെടാനില്ല എന്നര്ഥം. മഴവെള്ളം അസിഡിക് ആണ്. അതിന്റെ പി എച്ച് മൂല്യം 5-5.6 ആണ്. ഇന്ന് പെയ്ത മഴയുടേത് 4.5 ആകാനിടയുണ്ട്. ആ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്. ശാസ്ത്രപ്രതിഭാസം മനസ്സിലാക്കുക എന്നതാണ് ലക്‌ഷ്യം.

Exit mobile version