കാരണ്യത്തിന്റെ സെഞ്ചുറി; ടൂര്‍ണമെന്റ് നടത്തികിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്ന ക്രിക്കറ്റ് ക്ലബ്

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ ആണ് രണ്ടു ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്.

തിരുവനന്തപുരം: ടൂര്‍ണമെന്റ് നടത്തികിട്ടുന്ന പണം ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കി കാരണ്യത്തിന്റെ സെഞ്ചുറിയടിക്കാന്‍ ഒരു ക്രിക്കറ്റ് ക്ലബ്. വെങ്ങാനൂര്‍ സഹാറ ക്രിക്കറ്റ് ക്ലബ് ആണ് കിക്കറ്റ് ടൂര്‍ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സമാഹരിക്കുന്ന പണം പ്രദേശത്തെ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി നല്‍കുന്നത്.

സഹാറ കപ്പ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് വെങ്ങാനൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ ആണ് രണ്ടു ദിവസമായി നടക്കുന്ന ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

പൂര്‍ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് കൊണ്ട് ആണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സമാഹരിക്കുന്ന പണം വെങ്ങാനൂരിലെ ഒരു ക്യാന്‍സര്‍ രോഗിയുടെയും പ്രദേശത്തെ മറ്റ് ക്യാന്‍സര്‍ രോഗികള്‍ക്കും മുല്ലൂരിലെ ഡയാലിസിസ് രോഗിയുടെയും ചികിത്സ ചുലവുകള്‍ക്കായി നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടാതെ സമീപത്തെ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതിനും ഈ പണം നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി വെങ്ങാനൂര്‍ സഹാറ ക്രിക്കറ്റ് ക്ലബ് ഇത്തരത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. ടൂര്‍ണമെന്റ് വിജയിക്കുന്ന ടീമിന് 40,001 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Exit mobile version