തുര്‍ക്കിക്കും സിറിയക്കും ആശ്വാസമേകാന്‍ ഡോ.ഷംഷീര്‍ വയലില്‍; 11 കോടി രൂപ കൈമാറി

മരുന്നുകള്‍ ഉള്‍പ്പെടെ അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആദ്യഘട്ടത്തില്‍ റെഡ് ക്രസന്റിന്റെ സഹായം ഉപയോഗിക്കും.

shamseer

അബൂദാബി: തുര്‍ക്കിയക്കും സിറിയക്കും ആശ്വാസമേകി പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ.ഷംഷീര്‍ വയലില്‍. ഭൂകമ്പം ദുരന്തം വിതച്ച ജനതയ്ക്ക് ഷംഷീര്‍ വയലില്‍ 50 ലക്ഷം ദിര്‍ഹം (ഏകദേശം 11 കോടി ഇന്ത്യന്‍ രൂപ) സഹായധനം പ്രഖ്യാപിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എമിറേറ്റ്‌സ് റെഡ് ക്രസന്റിന് അദ്ദേഹം സഹായം കൈമാറി. മരുന്നുകള്‍ ഉള്‍പ്പെടെ അടിയന്തര സഹായങ്ങള്‍ എത്തിക്കാന്‍ ആദ്യഘട്ടത്തില്‍ റെഡ് ക്രസന്റിന്റെ സഹായം ഉപയോഗിക്കും.

ഒപ്പം ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനും വീട് നഷ്ടമായവരെ മാറ്റിപ്പാര്‍പ്പിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ ഗുണകരമാകും. ഡോ. ഷംഷീര്‍ വയലിന്റെ തീരുമാനത്തെ എമിറേറ്റ്‌സ് റെഡ് ക്രസന്റ് അഭിനന്ദിച്ചു. ദുരിതബാധിത പ്രദേശത്തെ സമഗ്ര പ്രവര്‍ത്തങ്ങള്‍ക്ക് തുക ഉപയോഗപ്പെടുത്തും.

അദേസമയം, തുര്‍ക്കി, സിറിയ ഭൂകമ്പത്തില്‍ മരണം 36,000 കടന്നു. യഥാര്‍ഥ കണക്ക് ഇതിലും ഇരട്ടിയോളം വരുമെന്നാണ് വിലയിരുത്തല്‍. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കുകയാണെന്നും രക്ഷപ്പെട്ടവരെ സഹായിക്കുന്നതിനാണ് ഇനി മുന്‍ഗണനയെന്നും യുഎന്‍. ദുരിതാശ്വാസ മേധാവി മാര്‍ട്ടിന്‍ ഗ്രിഫിത്സ് പറഞ്ഞു.

ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടതോടെ ജീവനോടെ ആളുകളെ പുറത്തെടുക്കാമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. ഈ സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം അവസാനിക്കാറായെന്ന് യുഎന്‍ ദുരിതാശ്വാസ മേധാവി പറഞ്ഞത്. ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സഹായമൊരുക്കലാണ് അടുത്തഘട്ടം.

Exit mobile version