ഒരു വർഷം മുൻപ് അമ്മയെ അർബുദം കവർന്നു, ശേഷം താങ്ങായി നിന്ന അച്ഛനും വിടപറഞ്ഞു; അനാഥമായത് 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച ഇരട്ടക്കുട്ടികൾ! തീരാനോവ്

cancer patient | Bignewslive

പത്തനംതിട്ട: ഒരു വർഷം മുൻപ് അമ്മയെ അർബുദം കവർന്നെടുത്തപ്പോൾ ഹെർലിൻ, ഹെലേൻ എന്നീ ഇരട്ടക്കുഞ്ഞുങ്ങൾക്ക് താങ്ങായി നിന്നത് അച്ഛൻ ആയിരുന്നു. ഇന്ന് ആ തണലും നഷ്ടപ്പെട്ടതോടെ അനാഥമായ ഈ കുഞ്ഞുങ്ങളുടെ മുഖം നോവ് കാഴ്ചയാവുകയാണ്. ഒരു വർഷം മുൻപാണ് അമ്മ ടീന കാൻസർ ബാധിച്ച് മരിച്ചത്. ഈ വിയോഗത്തിന്റെ വേദന ഉണങ്ങും മുൻപേയാണ് പിതാവ് ജോബിയും ലോകത്തോട് വിടപറഞ്ഞത്.

കോന്നി ആനകുത്തി സ്വദേശികളായ ടീന -ജോബി ദമ്പതികൾക്ക് നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇരട്ടക്കുട്ടികൾ എത്തിയത്. ഗർഭിണിയായിരിക്കെയാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. തുടർന്ന് ഏഴാം മാസത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. ശേഷം, ടീനയും ജോബിയും ഡൽഹിയിലായിരുന്നു താമസം.

കാൻസർ ബാധ തിരിച്ചറിഞ്ഞതോടെ നാട്ടിലെത്തിയ ടീന ഒരു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ ആരോഗ്യം വീണ്ടെടുത്തിരുന്നു. എന്നാൽ, അധികം വൈകാതെ ടീനയുടെ ശ്വാസകോശത്തിലും കാൻസർ പിടിമുറുക്കുകയും ചെയ്തു. മാസങ്ങൾ ചികിത്സകൾ നടത്തിയെങ്കിലും 2022 ജനുവരി 19ന് ടീന മരണത്തിന് കീഴടങ്ങി.

തുടർന്ന് ജോബിയും മക്കളും കൊടുമണ്ണിൽ സഹോദരി ജിൻസി മാത്യുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൊടുമണ്ണിൽ കച്ചവടസ്ഥാപനം ആരംഭിച്ച് മക്കളുമൊത്ത് ജീവിതത്തിലേക്ക് പതിയെ ചുവടുറപ്പിച്ചു തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം എത്തിയത്. ടീനയ്ക്ക് രോഗം സ്ഥിരീകരിച്ച നാൾ മുതൽ ഹെർലിനെയും ഹെലേനയെയും കൈപിടിച്ചു നടത്തിയ ജിൻസിയുടെയും കുടുംബത്തിന്റെയും പരിചരണത്തിലാണ് ഇപ്പോൾ കുട്ടികൾ.

Exit mobile version