പനിയില്‍ തുടക്കം, പിന്നീടുള്ള ചികിത്സയില്‍ കാന്‍സറാണെന്ന് കണ്ടെത്തി, 4 വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണ് അഗ്നീഷ്.

തിരുവനന്തപുരം: കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നാലു വയസ്സുകാരന്‍ ചികിത്സ സഹായം തേടുന്നു. തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന അഗ്‌നീഷ് എന്ന കൊച്ചു മിടുക്കനാണ് ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്.

മാതാപിതാക്കളുടെ പൊന്നോമനയായ അഗ്‌നീഷിന് നാലു മാസം മുന്‍പ് ഒരു പനി വന്നു. കോലഞ്ചേരി മെഡിക്കല്‍ കോളോജിലാണ് ആദ്യം ചികിത്സ തേടിയത്. പിന്നീടുള്ള പരിശോധനയില്‍ ക്യാന്‍സറാണെന്ന് കണ്ടെത്തി. അച്ഛന്‍ അരുണിന് ആകെയുണ്ടായിരുന്ന ജോലി മകന്റെ ചികിത്സയ്ക്കായുള്ള ഓട്ടത്തിനിടയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു.

ആര്‍സിസിയ്ക്കടുത്ത് ഒരു വാടകമുറിയിലാണ് ഇവരുടെ താമസം. ചികിത്സയ്ക്കായി ഇതുവരെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ചിലവായി. ഇനിയും രണ്ട് വര്‍ഷത്തോളം ചികിത്സ വേണ്ടിവരും. കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുന്ന അച്ഛന്റെ പ്രതീക്ഷ സുമനസ്സുകളുടെ സഹായമാണ്.

ഒറ്റമുറി വീട്ടില്‍ അംഗന്‍വാടിയില്‍ നിന്ന് പഠിച്ചതൊക്കെ സ്ലേറ്റിലെഴുതി തിട്ടപ്പെടുത്തുകയാണ് ഇപ്പോള്‍ അഗ്‌നീഷ്. എന്നാല്‍ തന്നെ പിടികൂടിയ കാന്‍സര്‍ അഗ്‌നീഷിനെ വല്ലാതെ തളര്‍ത്തുന്നുണ്ട്. ചില ദിവസങ്ങളില്‍ നല്ല ഉഷാറാകും. ചില ദിവസങ്ങളില്‍ നല്ല ക്ഷീണമാകും. ഇടക്ക് നന്നായി ദേഷ്യപ്പെടും. മരുന്നെടുക്കുന്നതു കൊണ്ടാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Exit mobile version