കാൻസർ രോഗം മൂർച്ഛിച്ചു മരിച്ചു; ബിജുവിന്റെ ചികിത്സയ്ക്ക് പണം മുടക്കിയ സുഹൃത്തുക്കൾ കണ്ടത് പുത്തൻകാറിൽ വന്നിറങ്ങിയ ബിജുവിനെ! 15 ലക്ഷം തട്ടിച്ചയാൾ ഒടുവിൽ പിടിയിൽ

കാൻസർ രോഗിയാണെന്നും ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ച് സുഹൃത്തുക്കളേയും അധ്യാപകരേയും പറ്റിച്ച് 15 ലക്ഷത്തോളം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. കരിമണ്ണൂർ മുളപ്പുറം ഐക്കരമുക്കിൽ സി ബി ബിജുവിനെയാണ് (45) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. താൻ ക്യാൻസർ രോഗിയാണെന്ന് പറഞ്ഞ് കോളേജിൽ കൂടെ പഠിച്ചവരേയും അന്നത്തെ അധ്യാപകരേയും ബിജു സമീപിക്കുകയായിരുന്നു. മൊബൈൽ ഫോണിലെ ശബ്ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് ശബ്ദം മാറ്റി ബിജുവിന്റെ അമ്മാവനാണെന്നും സഹോദരിയാണെന്നും പറഞ്ഞാണ് ബിജു വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും മറ്റും സഹായം അഭ്യാർത്ഥിച്ചത്.

വ്യാജമായ ചിക്തിസാരേഖകളും ബിജു ഇതിനായി നിർമ്മിച്ചിരുന്നു. ഇത് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്താണ് രോഗാവസ്ഥയാണെന്ന് ബിജു വിശ്വസിപ്പിച്ചത്. തമിഴ്‌നാട്ടിൽ ഒരു ആശുപത്രിയിൽ ചികിത്സ നടത്തുന്നെന്ന് കാണിച്ചുള്ള വ്യാജരേഖകളും പോലീസ് കണ്ടെത്തി. കൃത്യമായ മുന്നൊരുക്കങ്ങൾ തട്ടിപ്പിനായി ബിജു നടത്തിയെന്ന് പോലീസിന് വ്യക്തമായിരിക്കുകയാണ്.

തുടക്കത്തിൽ കോളേജ് സുഹൃത്തുക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ബിജു തനിക്ക് ക്യാൻസറാണെന്നും തന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നും കാണിച്ച് സന്ദേശമിട്ടത്. മുൻസഹപാഠിയുടെ ദയനീയാവസ്ഥയിൽ കണ്ണുനീരണിഞ്ഞ സുഹൃത്തുക്കൾ പണം നൽകാൻ സന്നദ്ധരായി രംഗത്തെത്തുകയായിരുന്നു.

പിന്നാലെ ബിജുവിന്റെ അമ്മാവനെന്ന് പരിചയപ്പെടുത്തി ഗ്രൂപ്പ് അംഗങ്ങളെ ബിജു തന്നെ ശബ്ദം മാറ്റി വിളിച്ച് കള്ളത്തരം അരക്കിട്ടുറപ്പിച്ചു. ഇതോടെ രോഗിയായ സുഹൃത്തിനു വേണ്ടി സഹപാഠികൾ പത്തര ലക്ഷത്തോളം രൂപ പിരിച്ചു നൽകി.

ALSO READ- ചിരിക്കാനോ ഒരുവശത്തെ കണ്ണ് അടയ്ക്കാനോ കഴിയുന്നില്ല; മിതുൻ രമേശിൻരെ മുഖത്തിന്റെ ഒരു വശത്തെ തളർത്തി ബെൽസ് പാൾസി രോഗം

പിന്നാലെ ബിജു തന്നെ പഠിപ്പിച്ച അധ്യാപകരേയും ഫോണിൽ ബന്ധപ്പെട്ടു. സഹോദരിയെന്ന് പരിചയപ്പെടുത്തി സ്ത്രീ ശബ്ദത്തിലാണ് ഇയാൾ അദ്ധ്യാപകരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്. ഇവരുടെ കൂട്ടായ്മയും ബിജുവിന് ചികിത്സയ്ക്കായി പണം പിരിച്ചു നൽകി. ഇത്തരത്തിൽ 15 ലക്ഷം രൂപയാണ് ബിജു തട്ടിയെടുത്തത്.

തട്ടിപ്പ് നടത്തിയ പണവുമായി കടന്ന ബിജു പിന്നീട് തുടർചികിത്സയ്ക്ക് എന്ന പേരിൽ വീണ്ടും ഇയാൾ സഹായം അഭ്യർത്ഥിച്ചു. ഇതോടെ സുഹൃത്തുക്കൾ അമ്മാവനോട് വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ടു. രാത്രിയിൽ ബിജു തലയിൽ തോർത്തിട്ട് മൂടി ഇരുട്ടിൽ വീഡിയോ കോളിലെത്തി ഗ്രൂപ്പ് അംഗങ്ങളോട് സംസാരിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ ഗ്രൂപ്പ് അംഗങ്ങൾ നേരിട്ട് അമ്മാവനെ ഫോണിൽ വിളിച്ചു. അസുഖം മൂർച്ഛിച്ച് ബിജു മരിച്ചുപോയെന്ന മറുപടിയാണ് അമ്മാവൻ നൽകിയത്.

എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം സഹപാഠികളിലൊരാൾ ബിജുവിനെ തൊടുപുഴയിൽ വച്ച് കണ്ടതാണ് സംഭവത്തിൽ വഴിത്തിരിവായത്. പുത്തൻ കാറിൽ വന്നിറങ്ങിയ ബിജുവിനെ കണ്ടതോടെ ബിജുവിന്റെ തട്ടിപ്പ് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. വഞ്ചിക്കപ്പെട്ടതായി ഗ്രൂപ്പ് അംഗങ്ങൾക്ക് മനസ്സിലായതിനെ തുടർന്ന് അമ്പത് പേർ ചേർന്ന് പരാതിയെഴുതി ഒപ്പിട്ട് തൊടുപുഴ പോലീസിനെ സമീപിക്കുകയായിരുന്നു.

കേസെടുത്ത പോലീസ് ഡിവൈഎസ്പി എംആർ മധു ബാബുവിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ബിജുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ചേർത്തല സ്വദേശിയാണ് ബിജു. വിവാഹശേഷം ഇയാൾ മുളപ്പുറത്ത് താമസമാക്കുകയായിരുന്നു.

Exit mobile version