വിശ്വനാഥന്റെത് തൂങ്ങിമരണം തന്നെ; ആൾക്കൂട്ട ആക്രമണത്തിന് തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ; ഇനി ശാസ്ത്രീയ അന്വേഷണം

കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജിലെത്തിയ യുവാവിനെ ആശുപത്രി പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ചതാണെന്നും ശരീരത്തിൽ മർദനമേറ്റത്തിന്റെ ലക്ഷണങ്ങൾ ഇല്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ശരീരത്തിൽ ആറ് മുറിവുകൾ ശരീരത്തിലുണ്ടായിരുന്നെങ്കിലും ഇത് മരത്തിൽ ഉരഞ്ഞതുമൂലം ഉണ്ടായതാണെന്നും ഫൊറൻസിക് സർജന്റെ മൊഴിയിലുണ്ട്. നേരത്തെ വ്ശിവനാഥന്റെ കുടുംബം കൊലപാതകമാണെന്ന ആരോപണം ഉന്നിയിച്ചിരുന്നു.

അതേസമയം, ആൾക്കൂട്ട ആക്രമണത്തിന് നിലവിൽ തെളിവില്ലെങ്കിലും ശാസ്ത്രീയ അന്വേഷണം തുടരുകയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വനാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയിൽനിന്ന് കാണാതായത്. പിന്നീട് രണ്ടു ദിവസങ്ങൾക്ക് ശേഷം ആശുപത്രിക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ALSO READ- മുന്നിൽ ലോറി സഡൻ ബ്രേക്കിട്ടു; ബൈക്ക് പിന്നിലിടിച്ച് കമ്പി കുത്തിക്കയറി; തൃശൂരിൽ യുവാവിന് ദാരുണമരണം

ഒരു രോഗിക്കൊപ്പം വന്ന കൂട്ടിരിപ്പുകാരന്റെ മൊബൈലും പേഴ്‌സും കളവ് പോയ സംഭവത്തിൽ സമീപത്തിരിക്കുകയായിരുന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാർ ഉൾപ്പടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. ആൾക്കൂട്ടം മർദ്ദിച്ചെന്നും ആരോപണമുണ്ട്.

സംഭവത്തിന് പിന്നാലെ വിശ്വനാഥനെ കാണാതാവുകയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. മോഷണക്കുറ്റം ആരോപിക്കപ്പെട്ടതിന്റെ അപമാനഭാരം സഹിക്കവയ്യാതെയാണ് മകൻ ജീവനൊടുക്കിയതെന്നാണ് കുടുംബം പറയുന്നത്.

ALSO READ- കരിയർ സ്ട്രഗിളിലാണ്; വ്യക്തിപരമായും തൊഴിൽപരമായും ആക്രമണങ്ങൾ നേരിടുന്നു; സോഷ്യൽ മീഡിയ വിടുന്നെന്ന് നടൻ ജോജു ജോർജ്

വിശ്വനാഥന്റെ കുടുംബത്തിന് അടിയന്തിര സഹായമായി സർക്കാർ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കൽപ്പറ്റ പ്രോജക്ട് ഓഫീസർ മുഖേന തുക ഉടൻ കൈമാറും. വിശ്വനാഥന്റെ മരണത്തിൽ സമഗ്രവും നീതിയുക്തമായി അന്വേഷിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. വയനാട് എം പി രാഹുൽ ഗാന്ധി വിശ്വനാഥന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.

Exit mobile version